ഭോപ്പാല്‍: യാചകർക്ക് പണം നൽകുന്നവർക്ക് എതിരെ കേസെടുക്കാനുള്ള നീക്കം. യാചകരെ നിരത്തുകളിൽ നിന്നും പൂർണമായി ഒഴിവാക്കാൻ വേണ്ടിയിട്ടാണ് ഇൻഡോറിലെ പുതിയ തീരുമാനം. പുതുവത്സരം മുതൽ ഇത്തരത്തിൽ കേസെടുത്ത് തുടങ്ങും എന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.
ഇന്ദോറില്‍ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് നേരത്തെതന്നെ ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്. നടപടികള്‍ കടുപ്പിക്കുന്നതിന് മുന്നോടിയായി ഈമാസം അവസാനംവരെ ജില്ലാ ഭരണകൂടം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. അതിനുശേഷമാകും ജനുവരി ഒന്നുമുതല്‍ കേസെടുക്കലിലേക്ക് കടക്കുക. യാചകര്‍ക്ക് ആരെങ്കിലും പണം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായി ജില്ലാ കളക്ടര്‍ ആശിഷ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് കടുത്ത നടപടികള്‍ക്ക് ഇന്ദോറില്‍ തുടക്കം കുറിക്കുന്നത്. ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇന്ദോര്‍, ലഖ്‌നൗ, മുംബൈ, നാഗ്പുര്‍, പട്‌ന, അഹമ്മദാബാദ് നഗരങ്ങള്‍ ഉള്‍പ്പെടുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.
അതിനിടെ, യാചകരെ ഒഴിവാക്കാന്‍ നടത്തിയ നീക്കത്തിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് പ്രോജക്ട് ഓഫീസര്‍ ദിനേശ് മിശ്ര പറയുന്നു. നല്ല വീട് സ്വന്തമായി ഉള്ളവരാണ് യാചകരില്‍ പലരും. ചിലരുടെ മക്കള്‍ ബാങ്കില്‍ ജോലിചെയ്യുന്നു. ഒരിക്കല്‍ ഒരു യാചകനില്‍നിന്ന് 29,000 രൂപ കണ്ടെത്തി. ചിലര്‍ പണം വായ്പനല്‍കി പലിശ വാങ്ങുന്നവരാണ്. ഒരിക്കല്‍ ഭിക്ഷാടക സംഘത്തിലെ കുട്ടികളെ രക്ഷപ്പെടുത്താനായി അധികൃതര്‍ എത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് സംഘം ഹോട്ടലില്‍ താമസിക്കുന്നതാണ്.
ഇന്ദോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് ഭിക്ഷാടനം പൂര്‍ണമായും ഇല്ലാതാക്കാനുള്ള നീക്കം നടത്തുന്നതെന്ന് മധ്യപ്രദേശ് സാമൂഹികക്ഷേമ മന്ത്രി നാരായണ്‍ സിങ് കുശ്വാഹ പറയുന്നു. യാചകര്‍ക്ക് സംഘടന താമസ സൗകര്യം നല്‍കുകയും തൊഴില്‍ ചെയ്യാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും. ഭിക്ഷാടനത്തില്‍നിന്ന് ആളുകളെ മോചിപ്പിക്കാനുള്ള അക്ഷീണ പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.
STORY HIGHLIGHT: those who give money to beggars will face police case