Kerala

ലോകത്തിലെ ഏറ്റവും മികച്ച രാജ്യാന്തര ചലച്ചിത്രമേളയായി ഐഎഫ്എഫ്കെ മാറും: പ്രേംകുമാര്‍

ലോകത്തിലെ മികച്ച രാജ്യാന്തര ചലച്ചിത്രമേളയായി മാറുക എന്നതാണ് ഐഎഫ്എഫ്കെയുടെ ലക്ഷ്യമെന്നു കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു. ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോര്‍ തീയേറ്ററിലെ മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍ തയ്യാറാക്കിയ സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേള നടക്കുന്ന പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കുവാനും ഹരിതപ്രോട്ടോക്കോള്‍ പാലിക്കുവാനും ശുചീകരണ തൊഴിലാളികളുടെയും ഹരിത കര്‍മസേനാംഗങ്ങളുടെയും നിസ്വാര്‍ത്ഥ സേവനം സഹായകരമാകുന്നു. പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളും ഒഴിവാക്കി ഹരിതപ്രോട്ടോക്കോള്‍ പാലിച്ചാണ് മേള നടക്കുന്നത്. ശുചീകരണപ്രവര്‍ത്തികള്‍ക്ക് കഠിനപ്രയത്നം അര്‍പ്പിച്ച പരിപാടിയുടെ വിജയത്തിനായി അകമഴിഞ്ഞു പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ അദ്ദേഹം അഭിനന്ദിച്ചു.

ചലച്ചിത്രമേളയുടെ ജനപങ്കാളിത്തം ഉയരുകയാണ്. 15000ല്‍ കൂടുതല്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടന്നു. മേളയിലെ സ്ത്രീ പ്രാതിനിധ്യവും മണ്മറഞ്ഞകലാകാരന്മാരെ ആദരിച്ചുനടത്തിയ പരിപാടികളും രക്ത അവയവദാന പരിപാടികളും എക്സിബിഷനുകളും മേളയുടെ മാറ്റുകൂട്ടുന്നു. മേളയുടെ നാലാം ദിനം വരെയുള്ള പ്രദര്‍ശനങ്ങള്‍ക്കു മികച്ച പ്രതികരണമാണെന്നും സദസുകള്‍ നിറഞ്ഞിരിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യം വേര്‍തിരിക്കല്‍, സംസ്‌കരിക്കല്‍ എന്നിവയെക്കുറിച്ച് അറിവുനല്‍കാന്‍ സഹായിക്കുന്ന സ്റ്റാളില്‍ പൊതു ശൗചാലയം, മാതൃകാ ഗ്രാമത്തിലെ മാലിന്യ സംസ്‌കരണം, ജൈവ മാലിന്യ കമ്പോസ്റ്റ് എന്നിവയുടെയെല്ലാം മാതൃകാ രൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മാലിന്യത്തില്‍നിന്നുണ്ടാകുന്ന സമ്പത്ത് എന്നതാണ് ആപ്തവാക്യം. മാലിന്യത്തെപ്പറ്റിയുള്ള തുറന്ന ചര്‍ച്ചകള്‍ക്കായി ‘വേസ്റ്റ് ചാറ്റ്’ എന്നൊരു വേറിട്ട സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ സ്വച്ഛ് സര്‍വേക്ഷണ്‍ പ്രചരണ പരിപാടിയുടെ പോസ്റ്ററും ചെയര്‍മാന്‍ പ്രകാശിപ്പിച്ചു. ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അരുണ്‍രാജ്, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ സുജ പി.എസ്., പ്രോഗ്രാം ഓഫിസര്‍ ബബിത എന്‍.സി. എന്നിവര്‍ പങ്കെടുത്തു.