Travel

ദക്ഷിണേന്ത്യന്‍ ചിറാപുഞ്ചി; രാജവെമ്പാലകളുടെ സാമ്രാജ്യമായ അഗുംബെ | Agumbe, the kingdom of king cobras

അഗുംബെ കന്നഡയിലെ പ്രമുഖ കവി കുവേമ്പുവിന്റെ ജന്മസ്ഥലം കൂടിയാണ്

കര്‍ണാടകത്തിലെ മലനാട് ഭാഗത്തെ ഷിമോഗയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നുമൊക്കെ അഗുംബെയ്ക്ക് അപരനാമങ്ങളുണ്ട്. അറബിക്കടലിലെ സൂര്യാസ്തമയം അതിമനോഹരമായി കാണാന്‍ കഴിയുന്ന ഒരു മലയോരപ്രദേശമാണിവിടം. തെക്കേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിയ്ക്കുന്നത് ഇവിടെയാണ്. അതുകൊണ്ടാണ് തെക്കേ ഇന്ത്യയുടെ ചിറാപുഞ്ചിയെന്ന് അഗുംബെയെ വിശേഷിപ്പിക്കുന്നത്. ആര്‍ കെ നാരായണന്റെ പ്രശസ്ത നോവലായ മാല്‍ഗുഡി ഡേയ്‌സ് സീരിയല്‍ രൂപത്തിലായപ്പോള്‍ അതിന് ദൃശ്യഭംഗി പകര്‍ന്ന അഗുംബെ കന്നഡയിലെ പ്രമുഖ കവി കുവേമ്പുവിന്റെ ജന്മസ്ഥലം കൂടിയാണ്.

മഴക്കാടാണ് അഗുംബെ. അതുകൊണ്ടുതന്നെ പലതരത്തില്‍പ്പെട്ട സത്യലതാദികളെയും ജീവികളെയും ഇവിടെ കാണാം. അഗുംബെ റെയിന്‍ഫോറസ്റ്റ് റിസര്‍ച്ച് സ്‌റ്റേഷന്‍ എന്ന സ്ഥാപനം ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഔഷധസസ്യങ്ങളുടെ സംരക്ഷണമേഘലയാണ് ഇവിടം, ഇതിനായി ഒരു പ്രൊജക്ടും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കാണാന്‍ ഭംഗിയുള്ള ഒട്ടേറെ വെള്ളച്ചാട്ടങ്ങളും മനോഹരമായ പ്രകൃതിയുമാണ് ഇവിടേയ്ക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നത്.

മൂന്ന് സ്‌ക്വയര്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്ന അഗുംബെ ഗ്രാമത്തിലെ ജനസംഖ്യ 500ല്‍ താഴെയാണ്. ഇവിടുത്തെ അടയ്ക്കത്തോട്ടങ്ങളില്‍ പണിയെടുക്കുന്നവരാണ് ഇവരില്‍ ഏറിയകൂറും. മലയകയറാനുള്ള ആഗ്രഹവുമായി എത്തുന്ന യാത്രക്കാര്‍ക്ക് നല്ല സ്ഥലമാണ് അഗുംബെ, ട്രക്കിങ്ങിന് പറ്റിയ അന്തരീക്ഷവും ഭൂപ്രകൃതിയും. പക്ഷേ ഈ ട്രക്കിങ് അല്‍പം വിഷമതയേറിയതുമാണ്. കാരണം വിവിധ തരത്തിലുള്ള വിഷപ്പാമ്പുകളുണ്ട് ഈ മഴക്കാട്ടില്‍. രാജവെമ്പാലയുള്‍പ്പെടെയുള്ള വീരന്മാരുടെ വിഹാര കേന്ദ്രമാണിവിടം. രക്തം കുടിയ്ക്കുന്ന അട്ടകളും  ഏറെയാണ് ഈ കാട്ടില്‍.

ബര്‍കാന ഫാള്‍സ്, കുഞ്ജിക്കല്‍ ഫാള്‍സ്, ഒനകേ അബ്ബി, ജോഗിഗുണ്ടി, കൂഡ്‌ലു തീര്‍ത്ഥ ഫാള്‍സ് എന്നിവയാണ് ഇവിടത്തെ പ്രധാന വെള്ളച്ചാട്ടങ്ങള്‍. റോഡ്, റെയില്‍മാര്‍ഗങ്ങളിലൂടെ അഗുംബെയില്‍ എത്തിച്ചേരാം. പ്രാദേശിക രുചികള്‍ പരീക്ഷിക്കാന്‍ പറ്റിയ സ്ഥലമാണ് ഇവിടം. ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവും ഗസ്റ്റ് ഹൗസുമാണ് യാത്രക്കാര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള സ്ഥലങ്ങള്‍. ഇവയല്ലാതെ മറ്റ് ഹോട്ടലുകളോ റിസോര്‍ട്ടുകളോ ഇവിടെയില്ല. അഗുംബെ റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്‌റ്റേഷനില്‍ ഡോര്‍മിറ്ററി സൗകര്യമുണ്ട്. പക്ഷേ നേരത്തേ ഉറപ്പാക്കണം.

STORY HIGHLIGHTS: Agumbe, the kingdom of king cobras