Kerala

ഗുഡ്‌സ് ഓട്ടോയുടെ കുട തട്ടി വൃദ്ധന് പരിക്കേറ്റ സംഭവം; കേസെടുത്ത് പോലീസ് – goods auto big umbrella make accident

ഓടുന്ന ഗുഡ്സ് ഓട്ടോയിൽ നിവർത്തിവെച്ച വലിയ കുട തട്ടി വൃദ്ധന് പരിക്ക് പറ്റിയ സംഭവത്തില്‍ കോഴിക്കോട് ചേവായൂർ പോലീസ് കേസെടുത്തു. വാഹനത്തിൻ്റെ ഡ്രൈവറെ പ്രതി ചേർത്താണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  മനുഷ്യ ജീവന് അപകടമുണ്ടാകും വിധം അശ്രദ്ധമായി വാഹനം ഓടിച്ചെന്നാണ് കേസ്.

വെള്ളിയാഴ്ച കക്കോടി പാലത്തിൽ വെച്ചായിരുന്നു അപകടം. തണ്ണീർപന്തൽ സ്വദേശിയായ മാധവൻ നമ്പീശനാണ് അപകടത്തില്‍ പരിക്കേറ്റിരുന്നു. വഴിയോരങ്ങളിലും മറ്റും ഗുഡ്സ് ഓട്ടോയിൽ സാധനങ്ങള്‍ വിൽക്കുന്ന ഓട്ടോറിക്ഷയുടെ കുടയാണ് അപകടത്തിനിടയാക്കിയത്. വാഹനം ഓടിക്കുമ്പോള്‍ ഇത് മടക്കിവെച്ചിരുന്നില്ല.

കക്കോടി പാലത്തിൽ വെച്ച് വേഗതയിൽ പോവുകയായിരുന്ന ഓട്ടോയിൽ നിന്ന് കാറ്റ് പിടിച്ച് കുട താഴേക്ക് ചെരിഞ്ഞു. ഈ സമയം റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികന്‍റെ മുഖത്തേക്കാണ് കുട വീണത്. കുട വീണത് അറിയാതെ ഗുഡ്സ് ഓട്ടോ മുന്നോട്ട് നീങ്ങിയതോടെ വയോധികൻ പിന്നിലേക്ക് അടിച്ചുവീഴുകയായിരുന്നു. പിന്നിൽ വന്ന കാര്‍ ഡ്രൈവര്‍ വയോധികൻ വീഴുന്നത് കണ്ട ഉടനെ വെട്ടിച്ചുമാറ്റി ബ്രേക്ക് ചെയ്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

STORY HIGHLIGHT: goods auto big umbrella make accident