യുഎഇയിലെ ഖോർഫക്കാനിലുണ്ടായ ബസ് അപകടത്തിൽ 9 മരണം സ്ഥിരീകരിച്ച് ഷാർജ പോലീസ്. ബസ്സിന്റെ ബ്രേക്ക് തകരാറിലായതാണ് വൻ അപകടത്തിന് കാരണമായത്. ഇന്ത്യൻ തൊഴിലാളികൾ ഉൾപ്പടെയുള്ളവർ അപകടത്തിൽപ്പെട്ടിട്ടുണ്ട്. അജമാനിൽ നിന്നും ഖോർഫക്കാനിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ഖോർഫക്കാനിൽ ഇന്നലെയായിരുന്നു അപകടം. അവധി ദിനത്തിൽ ഷോപ്പിങ്ങിനും ഭക്ഷണസാധനങ്ങൾ വാങ്ങാനുമായി കമ്പനി ആസ്ഥാനത്തേക്ക് പോയതായിരുന്നു തൊഴിലാളികൾ. യാത്രയ്ക്കിടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം തെറ്റിയ ബസ് മറിയുകയായിരുന്നു. അപകടത്തിൽപെട്ട 73 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ ഖോർഫക്കാൻ ആശുപത്രിയിലേക്ക് മാറ്റി.
ഏഷ്യൻ – അറബ് വംശജരാണ് ബസ്സിൽ ഉണ്ടായിരുന്നുവരെല്ലാം. മരിച്ചവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും പരിപാലനവും കൃത്യമായിരിക്കണമെന്നും വളവുകളിലും ടണലുകളിലും ഇന്റർസെക്ഷനുകളിലും വേഗ നിയന്ത്രണം കൃത്യമായി പാലിക്കണമെന്നും ഷാർജ പോലീസ് നിർദേശിച്ചു.
STORY HIGHLIGHT: uae bus accident