ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ഇന്ന് ചൈനയിലേക്ക് തിരിക്കും. ബേജിങ്ങിൽ ചൈനീസ് വിദേശമന്ത്രി വാങ് യിയുമായി രണ്ടു ദിവസം അതിർത്തി പ്രശ്നങ്ങളിൽ ചർച്ച നടത്തും. കസാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ്ങും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് കൂടിക്കാഴ്‌ച. ഇരുരാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ ആണ് ഡോവലും വാങ് യിയും.
ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ഒക്‌ടോബറില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും ആഹ്വാനം ചെയ്‌തിരുന്നു. അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നത് ഇരുരാജ്യങ്ങളുടെയും മുൻഗണന വിഷയമായി തുടരണമെന്നും പരസ്‌പര വിശ്വാസമാണ് ഉഭയകക്ഷി ബന്ധത്തിന്‍റെ അടിസ്ഥാനമെന്നും മോദി പറഞ്ഞിരുന്നു. ഇന്ത്യ-ചൈന ബന്ധം ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് മാത്രമല്ല, ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയും ചൈനയും തമ്മില്‍ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തണമെന്നും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തണമെന്നും ഉച്ചകോടിയില്‍ പ്രസിഡന്‍റ് ഷി ജിന്‍പിങ് വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങൾക്കും അത്യാവശ്യമാണെന്നും ഷി ജിൻപിങ് അഭിപ്രായപ്പെട്ടു. ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്‍റെ ആവശ്യകത അടിവരയിട്ടു പറഞ്ഞ ചൈനീസ് പ്രസിഡന്‍റ് ലോകം സംഘര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ നമുക്ക് സമാധാനം കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും, പൊതു സുരക്ഷയുടെ കാവൽക്കാരാകണമെന്നും ആഹ്വാനം ചെയ്‌തിരുന്നു.