എറണാകുളം കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ ഇന്നലെ രാത്രിയാണ് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നത്. ക്ണാച്ചേരി സ്വദേശി എല്‍ദോസാണ് കൊല്ലപ്പെട്ടത്. റോഡില്‍ മരിച്ച നിയിലാണ് എല്‍ദോസിനെ കണ്ടെത്തിയത്. മൃതദേഹം പൂർണമായും ഛിന്നഭിന്നമായ നിലയിലായിരുന്നു. ജനവാസ മേഖലയിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വിജനമായ സ്ഥലമായിരുന്നു. വെളിച്ചമുള്‍പ്പടെ ഉണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള സാധനളും വാങ്ങി പോകും വഴിയായിരുന്നു വീടിന്റെ ഏകെ ആശ്രയമായ എൽദോസിനെ കാട്ടാന ചവിട്ടിക്കൊന്നത്. കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
എൽദോസിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഇന്ന് കുട്ടമ്പുഴ പഞ്ചായത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വൈകിട്ട് മൂന്നുമണിക്ക് കോതമംഗലത്ത് പ്രതിഷേധ സംഗമവും നടക്കും. പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിക്കുകയും മൃതദേഹം മാറ്റാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതോടെ ഇന്നലെ രാത്രി നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. സ്ഥലത്തെത്തിയ ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ്, എംഎൽഎമാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ എന്നിവർക്കെതിരെ വലിയ പ്രതിഷേധമായിരുന്നു നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ചര്‍ച്ചകള്‍ക്കൊടുവില്‍ നാട്ടുകാരുടെ ആവശ്യങ്ങളില്‍ ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കിയതോടെ പ്രതിഷേധം താല്‍ക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിക്കുകയായിരുന്നു.
നാട്ടുകാർ തടിച്ചുകൂടി പ്രതിഷേധം തുടങ്ങി ഏഴ് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലടക്കം നാട്ടുകാര്‍ക്ക് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയത്. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ എൽദോസിന്റെ കുടുംബത്തിന് നല്‍കും. ഇതില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്ത് വെച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താല്‍ക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്. പ്രദേശത്ത് ട്രഞ്ച് നിര്‍മാണം ഇന്ന് തുടങ്ങും. വഴിവിളക്കുകൾ സ്ഥാപിക്കണം, ഫെൻസിങ് നിർമാണം പൂർത്തീകരിക്കണം എന്നീ ആവശ്യങ്ങളും പരിഗണിച്ച് വൈകാതെ നടപ്പിലാക്കുമെന്ന് കളക്ടർ ഉറപ്പ് നൽകിയിട്ടുണ്ട്. 27-ാം തീയതി കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.