ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ഈ തീർഥാടന കാലത്ത് ഏറ്റവും കൂടുതൽ ഭക്തർ ദർശനം നടത്തിയത് ഇന്നലെയാണ്. 93,034 ഭക്തരാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്. സ്പോട്ട് ബുക്കിംഗ് വഴി 19,110 പേർ ഇന്നലെ എത്തി. ഡിസംബർ 5 ന് 92,562 ഭക്തർ എത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
നിരവധി തീർഥാടകർ എത്തുന്നത് പോലെ തന്നെ സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി നല്ല മഴ പെയ്തിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ തീർത്ഥാടകാർക്ക് ജില്ലാ ഭരണകൂടത്തിന്‍റെ ജാഗ്രതാ നിർദേശമുണ്ട്. തീര്‍ഥാടകരും പൊതുജനങ്ങളും പമ്പ ത്രിവേണി ഒഴികെയുള്ള സ്ഥലങ്ങളില്‍ നദികളില്‍ ഇറങ്ങുന്നതിനും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പ സ്നാനം നിരോധിക്കുന്നത് സംബന്ധിച്ച് സ്ഥിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുന്നതിന് ശബരിമല എഡിഎമ്മിനെ ചുമതലപ്പെടുത്തി. കാനന പാത വഴി വരുന്ന ഭക്തരുടെ സുരക്ഷ കൃത്യമായി നിരീക്ഷിക്കണമെന്ന് വനം വകുപ്പിനും ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. പാതകളിൽ വഴുക്കൽ കാരണം തെന്നി വീഴാൻ സാധ്യത ഉള്ളതിനാൽ ഭക്തർ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ തീര്‍ത്ഥാടകര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.
കരിമല, പുല്ലുമേട് കാനന പാതകളിലൂടെ കാൽനടയായി ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്ക് സന്നിധാനത്തും പമ്പയിലും ദേവസ്വം ബോർഡ് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കാൽനടയായി എത്തുന്ന തീർഥാടകർക്ക് വനം വകുപ്പുമായി ചേർന്നു പ്രത്യേക ടാഗ് നൽകും. നടപ്പന്തലിൽ ഇവർക്ക് പ്രത്യേക വരി ക്രമീകരിക്കും.