Kerala

കോഴിക്കോട്ടെ സ്വിഗ്ഗി തൊഴിലാളികളും സമരം നിർത്തി, 23ന് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച

കോഴിക്കോട്ടെ സ്വിഗ്ഗി ഭക്ഷണ വിതരണ ജീവനക്കാരും അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. തൊഴിൽമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. 23ന് മന്ത്രി വി ശിവൻകുട്ടിയുചെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ഉറപ്പ് നൽകിയിട്ടുണ്ട്. സ്വിഗി മാനേജ്മെന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. യോഗത്തിന് ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് സ്വിഗ്ഗി തൊഴിലാളികൾ അറിയിച്ചു.

ശമ്പള വര്‍ധന ഉൾപ്പെടെ തൊഴിലാളികൾ നാളുകളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ മാനേജ്മെന്‍റ് അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് സൊമാറ്റോയിലെ തൊഴിലാളികളും സൂചനാ പണിമുടക്ക് നടത്തിയിരുന്നു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് ആരംഭിച്ചത്.

പണിമുടക്കിയ തൊഴിലാളികൾ തിരുവനന്തപുരത്ത് ഇന്‍സ്റ്റാ മാർട്ടിന് മുന്നിൽ ധർണ നടത്തുന്ന സാഹചര്യവുമുണ്ടായിരുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യൂണിയനുകൾ മാനേജ്മെന്‍റിന് കത്ത് നൽകിയിരുന്നു. പക്ഷേ ഒന്നും അംഗീകരിക്കാൻ മാനേജ്മെന്‍റ് തയ്യാറായില്ല. ശമ്പളം വ‍ധിപ്പിക്കുക, ഫുൾടൈം ജോലി ചെയ്യുന്നവര്‍ക്ക് മിനിമം ഗാരണ്ടിയായി 1250 രൂപ നല്‍കുക, ലൊക്കേഷൻ മാപ്പിൽ കൃത്രിമം കാട്ടുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് സമരം ആരംഭിച്ചത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സംസ്ഥാനവ്യാപക സമരം നടത്താനായിരുന്നു തീരുമാനം. തിരുവനന്തപുരത്തെ സമരം അവസാനിച്ചെങ്കിലും കോഴിക്കോട്ടെ സ്വിഗ്ഗി തൊഴിലാളികൾ നിലപാട് വ്യക്തമാക്കിയിരുന്നില്ല.