അങ്കമാലി-എരുമേലി ശബരി റെയില്‍വേ ലൈന്‍ പദ്ധതിയിൽ ലൈന്‍ ഇരട്ടപ്പാതയായി നിര്‍മിക്കണമെന്ന് റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം. കുരുക്ക് അഴിഞ്ഞുവെന്നു കരുതിയിരുന്ന അങ്കമാലി-എരുമേലി ശബരി പാതയുടെ കാര്യം ഇതോടെ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് വൈകീട്ട് നടക്കാനിരിക്കെയാണ് ഇതു സംബന്ധിച്ച പുതിയ കത്ത് സംസ്ഥാനത്തിന് ലഭിച്ചത്. ഇന്നത്തെ യോഗത്തില്‍ എറണാകുളം, ഇടുക്കി, കോട്ടയം കളക്ടര്‍മാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
പദ്ധതിയുടെ പകുതി നിര്‍മാണച്ചെലവ് വഹിക്കാമെന്ന ഉറപ്പോടെ 3,810 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് നല്‍കാനാണ് റെയില്‍വേ നേരത്തേ ആവശ്യപ്പെട്ടിരുന്നത്. ഡബിള്‍ ലൈന്‍ നിര്‍മിക്കാനുള്ള നിര്‍ദേശം വന്നതോടെ 10,000 കോടി രൂപയോളമായി ചെലവ് ഉയരും. ഇതിന്റെ പകുതിയായ 5000 കോടി രൂപ വഹിക്കുന്ന കാര്യം ഇന്നത്തെ അവസ്ഥയില്‍ സംസ്ഥാനത്തിന് ചിന്തിക്കാന്‍ കഴിയില്ല. മാത്രവുമല്ല, സ്ഥലമെടുപ്പ് ഉൾപ്പെടെ എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ടിയും വരും. ഫലത്തില്‍ പദ്ധതിയുടെ വഴി അടയും.
നിലവിലുള്ള എസ്റ്റിമേറ്റ് പ്രകാരമുള്ള 3810 കോടിയില്‍ പകുതി സംസ്ഥാനം വഹിക്കണമെന്ന റെയില്‍വേ നിര്‍ദേശം നടപ്പാക്കാന്‍ ത്രികക്ഷി കരാര്‍ നിര്‍ദേശവും നടപ്പാക്കാൻ നേരത്തേ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ത്രികക്ഷി കരാര്‍ നിര്‍ദേശവും മുന്നോട്ടുവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. അബ്ദുള്‍റഹ്‌മാനും അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോഴായിരുന്നു അത്. ഇതിനായുള്ള നീക്കങ്ങളും കേരളം തുടങ്ങിയിരുന്നു. സംസ്ഥാനവും റെയില്‍വേയും റിസര്‍വ് ബാങ്കും ഉള്‍പ്പെട്ടതാണ് ത്രികക്ഷി കരാര്‍. സംസ്ഥാനം ഗഡുക്കളായി റെയില്‍വേയ്ക്ക് പണം നല്‍കിയാല്‍ മതി. അതിനു കഴിഞ്ഞില്ലെങ്കില്‍ പകരം കേന്ദ്രത്തില്‍നിന്ന് കേരളത്തിന് പല പദ്ധതികളില്‍ കിട്ടാനുള്ള പണത്തില്‍ ഒരു പങ്ക് റിസര്‍വ് ബാങ്ക് റെയില്‍വേയ്ക്ക് നല്‍കാനാണ് കരാര്‍ ഒപ്പിടുന്നത്. ശബരി പദ്ധതിക്കായി സ്ഥലമേറ്റെടുക്കാന്‍ സംസ്ഥാനത്തിന് ഇതുവരെ 282 കോടി രൂപ കൊടുത്തെന്നും പദ്ധതികള്‍ക്കായി സ്ഥലമെടുത്തു നല്‍കുന്നതില്‍ കേരളത്തിന് മെല്ലെപ്പോക്കാണെന്നും മന്ത്രി ലോക്സഭയില്‍ കുറ്റപ്പെടുത്തിയിരുന്നു.