Kerala

കുട്ടമ്പുഴ കാട്ടാന ആക്രമണം: എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഇന്നുതന്നെ നൽകുമെന്ന് വനംമന്ത്രി

കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ എൽദോസ് എന്ന യുവാവ് മരിച്ച സംഭവം വളരെ ദൗർഭാഗ്യകരവും വേദനാജനകവുമായ സംഭവമാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ. സംഭവമറിഞ്ഞുടൻ തുടർ നടപടികൾക്കായി ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷിനെ ബന്ധപ്പെട്ടുവെന്നും ജില്ല കോളക്‌ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ നാട്ടുകാരുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം സഹായധനം ഇന്ന് തന്നെ കൊടുക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചിട്ടുണ്ട്. ആദ്യ ​ഗഡു എന്നോണം കളക്ടർ ഒപ്പിട്ട 5 ലക്ഷത്തിന്റെ ചെക്ക് ഇന്നലെ കുടുംബത്തിന് കൈമാറിയിരുന്നു. ഉദ്യോഗസ്ഥരുടെ ഇടപെടൽ സംഘർഷം ഒഴിവാക്കി എന്നും ജനങ്ങളുടെ പ്രതികരണത്തിൽ അസ്വാഭാവികത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡ്രഞ്ച്, ഫെന്‍സിങ്, തെരുവ് വിളക്കുകള്‍ എന്നിവ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. സമാധാന അന്തരീക്ഷം നിലനിര്‍ത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വഴി വിളക്കുകള്‍ സ്ഥാപിക്കണം എന്ന ഒരു ആവശ്യം നാട്ടുകാർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ വഴി വിളക്കുകള്‍ സ്ഥാപിക്കുന്നത് വനം വകുപ്പല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആര്‍ ആര്‍ ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം ഉണ്ടായിരുന്നു. ടെന്‍ഡര്‍ നടപടികള്‍ വൈകുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കരാറുകര്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്നില്ല. വനത്തിലൂടെ റോഡുകള്‍ ഉണ്ടാകുന്നത് ഭൂഷണം ആണോ എന്ന് ചിന്തിക്കണമെന്ന് മന്ത്രി പറഞ്ഞു. നടപടി ക്രമങ്ങളില്‍ ഒരു കാല താമസവും കുട്ടമ്പുഴയില്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വിശദ റിപ്പോര്‍ട്ട് സമരിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പറഞ്ഞു.

കേന്ദ്രം വനം വകുപ്പ് മന്ത്രിയെ കഴിഞ്ഞ മാസം കണ്ടിരുന്നുവെന്ന് എ.കെ.ശശീന്ദ്രന്‍ വെളിപ്പെടുത്തി. വന്യമൃഗ ആക്രമണം തടയാന്‍ പ്രത്യേക ധനസഹായം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ചെയ്യാം എന്ന് പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല. 620 കോടിയുടെ പ്രൊജക്റ്റ് നടപ്പിലാക്കാന്‍ കേന്ദ്രത്തിനു താത്പര്യമില്ല. കേരളതിന്റെ പദ്ധതികളോട് കേന്ദ്രത്തിനു അലര്‍ജി. നിലവില്‍ പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നത് സ്വന്തം നിലയ്ക്കാണെന്നും മന്ത്രി വ്യക്തമാക്കി.