വയനാട്: പയ്യമ്പള്ളി കൂടല്‍ കടവില്‍ ആദിവാസി യുവാവ് മാതനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടു പ്രതികൾ പിടിയിൽ. ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. മാനന്തവാടി പൊലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്. ബാംഗ്ലൂർ ബസ്സിൽ കൽപ്പറ്റയിലേക്ക് വരുമ്പോൾ ആയിരുന്നു കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് കൂടല്‍ക്കടവ് തടയിണയില്‍ കുളിക്കാന്‍ എത്തിയ യുവാക്കള്‍ ചെമ്മാട് ഉന്നതിയിലെ മാതനെ വാഹനത്തില്‍ വലിച്ചിഴച്ച് പരിക്കേല്‍പ്പിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മാതന്. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
അരകിലോമീറ്ററോളമാണ് മാതനെ പ്രതികള്‍ റോഡിലൂടെ വലിച്ചിഴച്ചത്. പുല്‍പ്പള്ളി റോഡില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കൂടല്‍ കടവ് ചെക്ക് ഡാം കാണാന്‍ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തര്‍ക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാന്‍ കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
സംഭവത്തില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പ്രതികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രിയങ്ക കളക്ടറെ വിളിച്ച് സംസാരിച്ചിരുന്നു.
STORY HIGHLIGHT: accused arrested in attacking adivasi youth in wayanad