കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുന്നതിനിടെ കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുകയാണ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. കഴിഞ്ഞ മാസം കേന്ദ്ര വനം വകുപ്പ് മന്ത്രിയെ കണ്ടിരുന്നു. വന്യ ജീവി ആക്രമണം പ്രതിരോധിക്കാൻ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. പണം അനുവദിക്കാമെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാൽ മുൻപ് പണം അനുവദിക്കാം എന്ന് പറഞ്ഞപ്പോഴൊന്നും നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലർജിയാണെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.
കേരളത്തിൽ 22 റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ പുതുതായി ഉണ്ടാകേണ്ടതായിരുന്നു. കേന്ദ്രം പണം അനുവദിക്കാത്തത് കൊണ്ട് അത് നടന്നില്ല. ഇതിനെ സംബന്ധിച്ചുളള റിപ്പോർട്ട് തേടിയിട്ടുണ്ട്. കുട്ടമ്പുഴയിലെ സംഭവത്തിൽ സിസിഎഫ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. വനം ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി തോന്നുന്നില്ല. അസ്വാഭാവിക കാലതാമസം ഉണ്ടെങ്കിൽ പരിശോധിക്കപ്പെടണമെന്നും എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.
കുട്ടമ്പുഴയിലെ എൽദോസിന്റെ മരണം ഹൃദയ വേദന ഉണ്ടാക്കുന്ന സംഭവമാണെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധം സ്വഭാവികമാണെന്ന് എ.കെ.ശശീന്ദ്രൻ പറഞ്ഞു. അപകടം അറിഞ്ഞ ഉടൻ തന്നെ ജില്ലാ കളക്ടരുമായി ബന്ധപ്പെട്ടു. അദ്ദേഹം സംഭവ സ്ഥലത്ത് നേരിട്ടെത്തി വിലയിരുത്തി. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ജനങ്ങളുമായി സംസാരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഇടപെടലാണ് സംഘർഷ സാധ്യത ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.