ആളുകൾക്ക് പ്രതികരണശേഷി പലപ്പോഴും കൂടുതലാണ്. എന്നാൽ ചില സമയങ്ങളിൽ ഒന്നും പ്രതികരിക്കാൻ കഴിയാതെ നിൽക്കാറുണ്ട്. അത് ഒരു പക്ഷേ മറുവശത്ത് നിൽക്കുന്നത് നമുക്ക് വേണ്ടപ്പെട്ടവരോ മറ്റോ ആയതുകൊണ്ടാവാം. എന്നുവച്ച് അവർ വേദനിപ്പിക്കുമ്പോൾ എല്ലാം സഹിച്ചു ക്ഷമിച്ചു നിൽക്കണം എന്നല്ല. അത്തരത്തിൽ പ്രതികരിക്കാൻ കഴിയാതെ പോയ ഒരു ആർട്ടിസ്റ്റ് ഇപ്പോൾ ഇതാ വ്യത്യസ്തമായ ഒരു മറുപടി അത്തരത്തിൽ തന്നെ കരയിച്ചവർക്ക് നൽകുകയാണ്. അതിനായി അവൾ തയ്യാറാക്കിയത് ഒരു തോക്ക് തന്നെയാണ്, ‘ടിയർ ഗൺ’.
തായ്വാനിൽ നിന്നുള്ള യി ഫീ ചെൻ എന്ന ആർട്ടിസ്റ്റാണ് ഈ വ്യത്യസ്തമായ തോക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇത് കരയുമ്പോൾ ചെന്നിന്റെ കണ്ണുനീർ ഫ്രീസ് ചെയ്യും, പിന്നീട് അത് ബുള്ളറ്റ് പോലെ പ്രവർത്തിച്ച് തോക്കിൽ നിന്നും പുറത്ത് വരും. ഈ തോക്ക് നിർമ്മിക്കാനുള്ള കാരണമായിത്തീർന്നത് ചെന്നിന്റെ ഒരു അധ്യാപകൻ തന്നെയാണ്. അധ്യാപകനും ചെന്നും തമ്മിൽ വിയോജിപ്പുകളുണ്ടായി. വളരെ പരുഷമായിട്ടാണ് അധ്യാപകൻ അന്ന് അവളോട് പെരുമാറിയത്.
അധ്യാപകന്റെ പെരുമാറ്റം അവളെ വളരെ അധികം വേദനിപ്പിച്ചു. എന്നാൽ, അധ്യാപകനല്ലേ തിരികെ ഒന്നും പറയാനവൾക്ക് കഴിഞ്ഞില്ല. അങ്ങനെയാണ് പിന്നീട് നെതർലാൻഡിൽ പഠിക്കവെ ബിരുദത്തിനുള്ള പ്രൊജക്ടായി അവൾ ഈ വ്യത്യസ്തമായ തോക്ക് നിർമ്മിച്ചത്. ഇത് നമ്മുടെ കണ്ണുനീർ ഫ്രീസ് ചെയ്ത് ബുള്ളറ്റ് പോലെ പ്രവർത്തിക്കുകയാണ് ചെയ്യുക.
എന്നാൽ, ചെന്നിന്റെ കണ്ടുപിടിത്തത്തെ കുറിച്ചറിഞ്ഞ മേൽപ്പറഞ്ഞ അധ്യാപകൻ അവളെ അഭിനന്ദിക്കുകയാണത്രെ ചെയ്തത്. അദ്ദേഹത്തിന് അവൾ നിർമ്മിച്ച തോക്ക് ഇഷ്ടമായി. എന്തായാലും, തോക്കിനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ പലർക്കും ഇത് ഇഷ്ടമായി. പലപ്പോഴും നമ്മുടെ കണ്ണീരിന് കാരണക്കാരായവരോട് ഒന്നും പറയാൻ സാധിക്കാതെ നിൽക്കുന്ന അവസ്ഥ വരാറുണ്ട്. ആ സമയത്ത് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഉപകരിക്കും ഈ തോക്ക് എന്നായിരുന്നു പലരുടേയും അഭിപ്രായം.
STORY HIGHLIGHT: artist made tear gun taiwan