പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള എളുപ്പ വഴികളിൽ ഒന്നാണ് ക്രാഷ് ഡയറ്റ്. കുറച്ച് ദിവസത്തേക്ക് ഭക്ഷണം കുറച്ച് കഴിക്കുന്നതാണ് ഇതിലൂടെ ചെയ്യുന്നത്. എന്നാൽ ഇത് നിർത്തുന്നതോടെ പോയ ഭാരം മുഴുവനുമോ അതിന്റെ ഇരട്ടിയോ തിരിച്ച് വരികയും ചെയ്യും. ഇതാണ് ഈ ഡയറ്റിന്റെ ഏറ്റവും വലിയ പോരായ്മ. ക്രാഷ് ഡയറ്റുകൾ ദീർഘകാലം തുടർന്ന് കൊണ്ടുപോകരുത്. അത് പോഷകക്കുറവിന് കാരണമാകും. ഒരു മാസം കൊണ്ട് മൂന്ന് കിലോയിൽ കൂടുതൽ ശരീരഭാരം കുറയ്ക്കരുത്.
നമുക്ക് ഏറ്റവും ഉചിതമായ ഡയറ്റ് കണ്ടെത്താൻ ഒരു ഡയറ്റിഷനെ സമീപിക്കുക. ഒരു അംഗീകൃത ഡയറ്റിഷൻ ഒരിക്കലും ക്രാഷ് ഡയറ്റുകളും പൊടിക്കൈകളും നിർദേശിക്കുകയില്ല. ഉപദേശങ്ങൾ സ്വീകരിക്കുമ്പോൾ അത് നൽകുന്നയാൾക്ക് ആ മേഖലയിൽ ആധികാരികമായ അറിവുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
ശരീരഭാരം കുറയ്ക്കാനും പേശികൾ ശക്തിപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താനും സഹായിക്കുന്ന മികച്ച രീതിയിലുള്ള ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പാണ് ഡയറ്റ് പ്ലാനിൽ നടക്കുന്നത്. ഡയറ്റിൽ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ന്യൂട്രിയൻറുകളാണ് നിങ്ങളുടെ ഡയറ്റിന്റെ ഫലം കണക്കാക്കുന്നത്. ഉദാഹരണത്തിന്, പ്രോട്ടീൻ, കാർബണുകൾ, കൊഴുപ്പുകൾ എന്നിവ. കൃത്യമായി നിങ്ങളുടെ കലോറി നിങ്ങളുടെ ലക്ഷ്യത്തിനകത്തു തന്നെയാണെന്ന് ഉറപ്പു വരുത്തി വേണം ഡയറ്റ് പിന്തുടരേണ്ടത്. ഏത് അനുപാതത്തിൽ എന്ത് കഴിക്കണമെന്ന് ഡയറ്റ് പ്ലാൻ നിങ്ങൾക്ക് പറഞ്ഞുതരും.
എന്നാൽ ദീർഘകാലം അശാസ്ത്രീയമായ ഡയറ്റുകൾ തുടരുന്നവർക്ക് മുടികൊഴിച്ചിൽ, ദഹനക്കുറവ്, മലബന്ധം, പോഷകക്കുറവ്, അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകും. ശരീരത്തിന് ഹാനികരമാകാത്ത രീതിയിൽ എങ്ങനെ ഡയറ്റ് ശീലമാക്കാമെന്നും അതിൽ ചെയ്യേണ്ട കാര്യങ്ങളും ചെയ്യാൻ പാടില്ലാത്തതും എന്തൊക്കെയാണെന്നും നോക്കാം.
ചെയ്യേണ്ടവ…
- വീട്ടിൽ സ്ഥിരമായി പാചകം ചെയ്യുന്ന ഭക്ഷണങ്ങളാണ് നമുക്ക് പറ്റിയ ഏറ്റവും നല്ല ഡയറ്റ്. അതിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി. എത്ര കാലം വേണമെങ്കിലും ആ ഡയറ്റ് ബുദ്ധിമുട്ടൊന്നുമില്ലാതെ തുടരാനും ഭാരം നിയന്ത്രിക്കാനും കഴിയും.
- പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. പല ഡയറ്റും പാതി വഴിയിൽ നിന്നുപോകുന്നത് നമ്മുടെ ചുറ്റുപാടുകളോടും യാഥാർഥ്യങ്ങളോടും യോജിക്കാത്ത ഭക്ഷണ രീതികൾ പിന്തുടരാൻ ശ്രമിക്കുമ്പോഴാണ്.
- നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
- പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക. രാവിലെ ഇഡലി കഴിക്കുമ്പോൾ ചമ്മന്തിക്ക് പകരം സാമ്പാർ ആക്കാം. ഉച്ചക്ക് കഴിക്കുന്ന ചോറിന്റെ അളവ് കുറയ്ക്കാം. പകരം അതിനോടൊപ്പം കഴിക്കുന്ന പച്ചക്കറി വിഭവങ്ങളുടെ അളവ് കൂട്ടുക. പരിപ്പോ പയറോ മീൻകറിയോ ചിക്കൻകറിയോ കഴിച്ചാൽ ആവശ്യത്തിന് പ്രോട്ടീനും കിട്ടും.
- വെള്ള അരി കൊണ്ടുള്ള ചോറിനു പകരം പോഷകങ്ങൾ കൂടുതൽ ഉള്ള കുത്തരിച്ചോറ് ശീലമാക്കുക. മൈദ കൊണ്ടുള്ള പലഹാരങ്ങൾ ഒഴിവാക്കി പകരം ഗോതമ്പ് കൊണ്ടുള്ള പലഹാരങ്ങൾ ശീലമാക്കുക.
- രാത്രിഭക്ഷണത്തിലും എല്ലാ പോഷകങ്ങളും ഉണ്ടെന്ന് ഉറപ്പാക്കുക.
- മൈ പ്ലേറ്റ് എന്ന ആശയം നിർദേശിക്കുന്നത് ഒരാൾ ഭക്ഷണം കഴിക്കുന്ന പാത്രത്തിന്റെ പകുതിഭാഗം പച്ചക്കറികളും പഴവർഗങ്ങളും ആയിരിക്കണം എന്നാണ്. കാൽ ഭാഗം ഇഡലിയോ ദോശയോ ചപ്പാത്തിയോ ചോറോ എന്ത് വേണമെങ്കിലും ആകാം. അവശേഷിക്കുന്ന കാൽഭാഗം പ്രോട്ടീൻ ആയിരിക്കണം. പരിപ്പ്, പയർ, കടല, നട്സ്, മുട്ട, ചിക്കൻ, മീൻ ഇവയിൽ എന്തുവേണമെങ്കിലും ആവാം. ഒപ്പം പാലോ പാലുല്പന്നങ്ങളോ ഉൾപ്പെടുത്താം. മൂന്ന് നേരവും ഭക്ഷണം ഈ വിധം ക്രമീകരിച്ചാൽ തന്നെ നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങും.
- ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
- ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപേയെങ്കിലും ഭക്ഷണം കഴിച്ച് അവസാനിപ്പിക്കുക. ഭക്ഷണത്തിൽ ശ്രദ്ധിച്ചത് കൊണ്ട് മാത്രം കാര്യമില്ല. വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയാകുമ്പോഴേ ശരിയായ ഭാരം നിലനിർത്താൻ കഴിയൂ.
ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം. ഒരു ഗ്ലാസ് എന്നാൽ 200 ml. - വറുത്ത പലഹാരങ്ങൾക്ക് പകരം ഏതെങ്കിലുമൊരു പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക. പച്ചക്കറികൾ കൊണ്ടുള്ള സാലഡ് കുറച്ച് കൂടുതൽ കഴിച്ചാലും കുഴപ്പമില്ല.
- പുറത്ത് നിന്ന് എന്ത് വാങ്ങി കഴിച്ചാലും അതിന്റെ പാക്കറ്റിലെ നുട്രീഷണൽ ഇൻഫർമേഷൻ വായിച്ചു നോക്കുന്നത് പതിവാക്കുക. ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് പ്രത്യേകം ശ്രദ്ധിക്കുക.
- പഞ്ചസാരയുടെ അളവ് പതിയെ പതിയെ കുറച്ച് കുറച്ച് പൂജ്യത്തിലേക്ക് കൊണ്ട് വരിക.
- പഴവർഗങ്ങളിൽ അടങ്ങിയിട്ടുള്ള ഫൈബർ ലഭിക്കണമെങ്കിൽ അവ ജ്യൂസ് ആക്കാതെ പഴങ്ങളായി തന്നെ കഴിക്കാൻ ശ്രദ്ധിക്കുക. എങ്കിൽ മാത്രമേ ഷുഗർ, കൊളസ്‌ട്രോൾ, ശരീരഭാരം എന്നിവ നിയന്ത്രിക്കാൻ സാധിക്കൂ.
- ടെട്രാ പാക്കുകളിലും ബോട്ടിലിലും വരുന്ന എല്ലാ ജ്യൂസുകളും കൂൾ ഡ്രിങ്ക്സുകളും പൂർണമായും ഒഴിവാക്കുക. അതിലെല്ലാം അമിതമായ അളവിൽ ഷുഗർ അടങ്ങിയിട്ടുണ്ട്. ഒരാൾക്ക് ഒരു ദിവസം കഴിക്കാവുന്ന പരമാവധി ഷുഗറിന്റെ അളവറിയാൻ തുടർന്ന് വായിക്കുക.
- ഡയറ്റ് ഒരിക്കലും വ്യായാമത്തിനു പകരമാകില്ല. ആരോഗ്യകരമായ ഡയറ്റും വ്യായാമവും ജീവിതകാലം മുഴുവൻ കൂടെ കൂട്ടിയാൽ ആരോഗ്യത്തോടെ ജീവിക്കാം. ഏറ്റവും കുറഞ്ഞത് ദിവസവും 30-45 മിനിറ്റ് നടക്കുകയെങ്കിലും ചെയ്യുക.
ചെയ്യാൻ പാടില്ലാത്തവ - ജങ്ക് ഫുഡ് പൂർണമായും ഒഴിവാക്കുക. പാക്കറ്റിൽ കിട്ടുന്ന പ്രോസസ് ചെയ്ത ഭക്ഷണം ഒഴിവാക്കുക. അവയിലെല്ലാം ഉപ്പിന്റെ അളവ് വളരെ കൂടുതലായിരിക്കും.
content highlight: health-should-know-about-diet