ന്യൂഡൽഹി: ഭാര്യയോടൊപ്പം കണ്ട കാമുകനെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. റിതിക് വർമ്മ (21) ആണ് കൊല്ലപ്പെട്ടത്. യുവതിയോടൊപ്പം അവരുടെ വീട്ടിൽ വെച്ചാണ് ഭർത്താവ് ഇരുവരെയും കണ്ടത്. തുടർന്ന് റിതിക്കിനെ ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ആയിരുന്നു.
ഡൽഹി ശാസ്ത്രി പാർക്കിലെ വീട്ടിൽ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഭാര്യയേയും റിതിക്കിനേയും ഒരുമിച്ചുകണ്ട ഭർത്താവ് രണ്ടുപേരെയും മർദിച്ചുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (നോർത്ത് ഈസ്റ്റ്) രാകേഷ് പവേരിയ പറഞ്ഞു. പ്രതി റിതിക്കിന്റെ നഖങ്ങളെല്ലാം പിഴുതെടുത്തിരുന്നെന്നും മർദനമേൽക്കാത്ത ഒരു ഭാഗം പോലും ഇയാളുടെ ശരീരത്തിലുണ്ടായിരുന്നില്ലെന്നും യുവാവിന്റെ അമ്മാവൻ പ്രതികരിച്ചു.
യുവതിയേയും റിതിക്കിനേയും പ്രതി നല്ലരീതിയിൽ മർദിച്ചിരുന്നുവെന്ന് അയൽവാസിയും മൊഴി നൽകി. ഒന്നിലധികംപേർ റിതിക്കിനെ മർദിച്ചിരുന്നു. ടെംപോ ഡ്രൈവറായിരുന്ന യുവാവ് അച്ഛനമ്മമാരുടെ ഒരേയൊരു മകനാണ്. പരിക്കേറ്റയാളെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്ഥലത്തെത്തിയ പോലീസ് കണ്ടെത്തി.
ചികിത്സയിലിരിക്കേ രാത്രി ഒൻപതോടെയാണ് റിതിക്ക് മരണത്തിന് കീഴടങ്ങിയതെന്ന് പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
STORY HIGHLIGHT: delhi husband arrested