Entertainment

സെക്കന്റ് ചാൻസ്: പ്രകൃതിയിലൂടെ പ്രതിസന്ധികളെ തരണം ചെയ്യുമ്പോൾ

മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളും പ്രകൃതിയുമായുള്ള സമ്പർക്കവും സൗഹൃദവും മനുഷ്യരിൽ ഉണ്ടാക്കുന്ന മാറ്റവും ചർച്ചചെയ്യുന്ന സുഭദ്ര മഹാജന്റെ ആദ്യ ചിത്രമാണ് 29-ാമത് കേരള രാജ്യാന്തരചലച്ചിത്ര മേളയിൽ ‘ഇന്ത്യൻ സിനിമ നൗ’ വിഭാഗത്തിൽ പ്രദർശിപ്പിച്ച ‘സെക്കന്റ് ചാൻസ്’. ജീവിതത്തിലെ കടുത്ത ട്രോമകളിലൂടെ കടന്നുപോകുന്ന നിയ എന്ന പെൺകുട്ടി ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള സമ്മർ ഹോമിലേക്ക് മടങ്ങുന്നതും തുടർന്ന് പ്രകൃതിയുമായുള്ള ആത്മബന്ധത്തിലൂടെ തന്റെ പ്രതിസന്ധികളെ മറികടക്കാൻ ശ്രമിക്കുന്നതുമാണു സിനിമയുടെ ഇതിവൃത്തം.

ഈ ചിത്രത്തിന്റെ കഥ കേൾക്കുമ്പോൾത്തന്നെ ബ്ലാക്ക് ആൻഡ് വൈറ്റിൽ സിനിമ ചിത്രീകരിക്കണമെന്നു നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നു സംവിധായിക പറയുന്നു. ജനസമൂഹത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന, ആരാലും അംഗീകരിക്കപ്പെടാത്ത ജനതയുടെ കഥപറയാൻ നിറങ്ങൾ ആവശ്യമില്ലെന്ന മനുഷ്യത്വത്തിന്റെ ഭാഷയാണ് സംവിധായിക സ്വീകരിച്ചത്. തന്റെ ജീവിതംശങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്നു അവർ വ്യക്തമാക്കുന്നു.

സിനിമയുമായി യാതൊരു മുൻപരിചയമില്ലാത്ത വ്യക്തികളാണ് ചിത്രത്തിലെ അഭിനേതാക്കൾ. സ്വാഭാവികമായ ഒരു അഭിനയം കാഴ്ചവെക്കാനാണ് അത്തരമൊരു തിരഞ്ഞെടുപ്പു നടത്തിയത്. വളരെ കുറച്ചുമാത്രം സിനിമകൾ നിർമിക്കപ്പെടുന്ന ഹിമാചൽ പ്രദേശിൽ നിന്നാണ് ഈ ചിത്രം വരുന്നത്. ധർമശാല അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ വൻ ജനപിന്തുണയാണു ചിത്രത്തിന് ലഭിച്ചതെന്നും സുഭദ്ര മഹജൻ അഭിപ്രായപ്പെട്ടു. സിനിമയുടെ അവസാന പ്രദർശനം ഡിസംബർ 19 ന് വൈകിട്ട് 3.15ന് കലാഭവനിൽ നടക്കും.

CONTENT HIGHLIGHTS; Second Chance: When nature overcomes adversity