Kerala

തലസ്ഥാനത്ത് തലപ്പൊക്കി ഗുണ്ടാ സംഘങ്ങൾ: ഈഞ്ചയ്ക്കലിലെ ഡിജെ ബാറിലെ ആക്രമണം കരുതിക്കൂട്ടിയെന്ന് വ്യക്തം; പാര്‍ട്ടി കുളമാക്കന്‍ ഓംപ്രകാശും, കിട്ടിയ അവസരത്തില്‍ തിരിച്ച് ആക്രമിക്കാന്‍ എയര്‍പോര്‍ട്ട് ഡാനിയും സംഘാംഗങ്ങളും, വിവാദമായതോടെ നാണംകെട്ട് കേസെടുത്ത് പൊലീസും

തിരുവനന്തപുരത്ത് ഈഞ്ചയ്ക്കലിലെ ഡിജെ ബാറില്‍ ഗുണ്ടാ തലവന്മാരായ ഓംപ്രകാശും എയര്‍പോര്‍ട്ട് സാജന്റെ മകന്‍ ഡാനിയും തമ്മില്‍ നടന്ന സംഘര്‍ഷത്തോടെ ഒരിടവേളയ്ക്കുശേഷം തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ സംഘങ്ങള്‍ തലപൊക്കുന്നതായി സൂചന. ഡിജെ പാര്‍ട്ടി നടക്കുന്ന ബാറില്‍ നടന്ന സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടാ തലവന്മാരായ ഓംപ്രകാശ് ഒന്നാംപ്രതിയും എയര്‍പോര്‍ട്ട് സാജന്‍ രണ്ടാം പ്രതിയുമാണ്. എയര്‍പോര്‍ട്ട് സാജന്റെ മകനും ഗുണ്ടയുമായ ഡാനി ഈ കേസില്‍ മൂന്നാം പ്രതിയാണ്. ബാറിലെ അടിപിടിക്കു ശേഷം ഗുണ്ടാത്തലവന്മാര്‍ രക്ഷപ്പെട്ടെങ്കിലും അവിടെ നിലയുറപ്പിച്ചിരുന്ന ഗുണ്ടാ സംഘാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പൊലീസിന്റെ ഭാഷ്യത്തില്‍ സംഘര്‍ഷം പൊതുജനശല്യം തുടങ്ങിയ ആറു വകുപ്പുകള്‍ ചേര്‍ത്താണ് സംഘങ്ങള്‍ക്കും ഗുണ്ടാ തലവന്മാര്‍ക്കും എതിരെ കേസെടുത്തത്. ഇവയെല്ലാം സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ആണ്.

ഈഞ്ചയ്ക്കലിലെ ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ബാറില്‍ സാജന്റെ മകനും ക്രിമിനലുമായ ഡാനി ആണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ അനുവാദവും ക്ഷണവും ഇല്ലാതെ മറ്റൊരു ഗുണ്ടാ തലവനും ഇവരുടെ എതിരാളിയുമായ ഓം പ്രകാശ് ഡിജെ പാര്‍ട്ടിക്ക് എത്തുകയായിരുന്നുവെന്നും, പാര്‍ട്ടി അലങ്കോലമാക്കാന്‍ ലക്ഷ്യമിട്ടാണ് ഓംപ്രകാശും സംഘങ്ങളും അവിടെയെത്തിയെതുമെന്ന് പൊലീസിന്റെ ഭാഷ്യം. അതിനിടെ സംഭവം വിവാദമായതോടെ പൊലീസ് ഓംപ്രകാശിനെയും സംഘാംഗങ്ങളെയും അറസ്റ്റ് ചെയ്തു. ഓംപ്രകാശിന്റെ കഴക്കൂട്ടത്തുള്ള ഫ്‌ളാറ്റില്‍ നിന്നാണ് 11 പേര്‍ക്ക് ഒപ്പമാണ് ഗുണ്ടാ തലവനെ പിടികൂടിയത്. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ഇവര്‍ തമ്മിലുള്ള കുടിപ്പകയുടെ തുടര്‍ച്ച എന്ന രീതിയിലാണ് ഡിജെ പാര്‍ട്ടി നടന്ന ബാറില്‍ സംഘര്‍ഷം ഉണ്ടായത്. പരിപാടി കുളമാക്കി സംഭവം വിവാദമാകാന്നുള്ള രീതിയാണ് ഓംപ്രകാശ് സംഘാംഗങ്ങളും സ്വീകരിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പ്രീമിയം വ്യക്തികള്‍ക്കായി ഡിജെ പാര്‍ട്ടി സംഘടിപ്പിക്കുന്ന ബാര്‍ ഹോട്ടല്‍ ആണ് ഈഞ്ചയ്ക്കലിലുള്ളത്. എയര്‍പോര്‍ട്ട് ഡാനിയുടെ സംഘാംഗങ്ങളാണ് ഇവിടെ സ്ഥിരമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഡിജെ പാര്‍ട്ടിയുടെ മറവില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പന ഉണ്ടെന്ന വിവരം പോലീസിന്റെ രഹസ്യ അന്വേഷണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഉന്നതങ്ങളിലെ ചില നിര്‍ദ്ദേശങ്ങളുടെയും ഇടപെടലിനെയും തുടര്‍ന്ന് യാതൊരുവിധ പരിശോധനകളും ബാറിനുള്ളിലോ പുറത്തേക്കു വരുന്നവരുടെ കാറുകളിലോ പൊലീസ് നടത്തുന്നില്ല.

ഡിജെ പാര്‍ട്ടി നടക്കുന്ന ബാറില്‍ ഓം പ്രകാശം വലം കൈയായ നിതിനും കരുതിക്കൂട്ടിയെത്തി എന്നാണ് ബാറില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഇവര്‍ക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍ എങ്കിലും പൊലീസ് അത് സ്ഥിരീകരിച്ചിട്ടില്ല. സ്വാഭാവികമായും എതിര്‍ ചേരിയില്‍ ഉള്ളവര്‍ നടത്തുന്ന പാര്‍ട്ടിയിലേക്ക് കയറിവന്നാല്‍ സംഘര്‍ഷം ഉണ്ടാകും എന്ന് ഉറപ്പിച്ചു തന്നെയാണ് ഓംപ്രകാശത്തിയത്. ഇതെല്ലാം എയര്‍പോര്‍ട്ട് സാജനും ഓംപ്രകാശ് തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി ഉണ്ടായ സംഭവങ്ങള്‍ ആണെന്ന് പൊലീസ് വ്യക്തമാക്കുന്നു. പാറ്റൂരിലെ വെട്ടു കേസുമായി ബന്ധപ്പെട്ട ഡാനിയും ഓം പ്രകാശം തമ്മില്‍ പലയിടങ്ങളില്‍ വാക്കേറ്റങ്ങള്‍ നടത്തിയിരുന്നു. ഡിജെ പാര്‍ട്ടികള്‍ പൂര്‍ണമായും നമ്മള്‍ നടത്തുന്നതില്‍ വിരോധമുള്ള ഓംപ്രാകശും ടീം മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ എത്തിയതെന്നാണ് ഡാനി നല്‍കിയ വിശിദീകരണം.

പുതിയ സംഭവങ്ങള്‍

എന്നാല്‍ പുതിയ വിവരങ്ങള്‍ അനുസരിച്ച് എയര്‍പോര്‍ട്ട് ഡാനിയുടെ സംഘാംഗങ്ങള്‍ ആണ് ഓംപ്രകാശിനെയും സുഹൃത്തിനെയും ആക്രമിച്ചത്. ബാറിലെ മുഴുവന്‍ സിസിടിവിയും പരിശോധിച്ച പൊലീസാണ് ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയത്. നൃത്തം ചെയ്യുന്നവര്‍ക്കിടയിലൂടെ നീങ്ങിയ ഓംപ്രകാശിനെ ഡാനിയുടെ ഗുണ്ടാ സംഘത്തിലുള്ള രണ്ടുപേര്‍ ചേര്‍ന്നു പിറകില്‍ നിന്ന് തള്ളുകയായിരുന്നു. സംഭവം നടന്ന ഉടനെ ഓംപ്രകാശ് അവിടെ നിന്നും മാറാന്‍ ശ്രമങ്ങള്‍ നടത്തി. എന്നാല്‍ സംഘാംഗങ്ങള്‍ പുറകെ പോയപ്പോള്‍ ബാറിലെ സുരക്ഷാ ജീവനക്കാര്‍ അവരെ വിലക്കുകയായിരുന്നു. ഈ സമയം സംഭവത്തില്‍ ഇടപെട്ട ഡാനി സുരക്ഷാ ജീവനക്കാരെ അവിടെ നിന്നും മാറാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡാനിയുടെ സംഘാംഗങ്ങളിലെ 25 ഓളം പേര്‍ ഓംപ്രകാശിനെ വളഞ്ഞതോടെ അയാള്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

സാജന്റെ സംഘത്തിലുള്ള അരുണ്‍, ജോസ് ബ്രിട്ടോ, സജിത്, സൗരവ്, രാജേഷ്, ബിജു എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് ആ കേസില്‍ അറസ്റ്റ് ചെയ്തത്. ഗുണ്ടാസംഘങ്ങള്‍ 2 മണിക്കൂറോളം ക്യാംപ് ചെയ്തു വെല്ലുവിളി തുടര്‍ന്നിട്ടും ബാര്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഞായറാഴ്ച രാവിലെയാണ് ഫോര്‍ട്ട് പൊലീസ് കേസ് എടുത്തത്. ഏറ്റുമുട്ടലിനെക്കുറിച്ച് ശനിയാഴ്ച രാവിലെ തന്നെ പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് വിവരങ്ങള്‍ നല്‍കിയിരുന്നു. ഗുണ്ടാപ്പോര് പുറത്തായാല്‍ വിവാദമാകുമെന്നു കണ്ട് പൊലീസ് സംഭവം രഹസ്യമാക്കി. ഞായറാഴ്ച ഇതു വാര്‍ത്തയായതിനൊടുവില്‍ ബാര്‍ മാനേജറെ കണ്ട് പരാതി വാങ്ങി കേസ് എടുക്കുകയായിരുന്നു. ഓംപ്രകാശ്, എയര്‍പോര്‍ട്ട് സാജന്‍, ഡാനി, നിധിന്‍ എന്നിവരടക്കം എഴുപത്തഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്. അടിപിടിക്കും ബാറിലെ ഡിജെ പാര്‍ട്ടി തടസ്സപ്പെടുത്തി നാശനഷ്ടം വരുത്തിയതിനുമാണ് കേസ്. ബാര്‍ മാനേജര്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്നു പൊലീസ് പറഞ്ഞു.

എയര്‍പോര്‍ട്ട് സാജന്‍ എന്ന ബിസിനസ്സുകാരന്റെ മകനാണ് ഡാനി എന്ന സ്റ്റെഫാന്‍. എയര്‍പോര്‍ട്ട് സാജനും തലസ്ഥാനത്തെ അറിയപ്പെടുന്ന ഗുണ്ടയാണ്. മുമ്പും നിരവധി കേസുകളില്‍ പ്രതിയായ ഡാനിയുടെ ആക്രമണങ്ങളെല്ലാം സംഘം ചേര്‍ന്നാണ്. പിതാവിന്റെ ശക്തമായ പാര്‍ട്ടി ബന്ധങ്ങളാണ് പൊലീസുകാരെ വരെ സംഘം ചേര്‍ന്ന് കേറിത്തല്ലാന്‍ ഇയാള്‍ക്ക് ബലം നല്‍കുന്നത്. തീരദേശം കേന്ദ്രീകരിച്ച് സമാന്തരഭരണം തന്നെയാണ് ഇവര്‍ നടത്തുന്നത് പരാതിയുണ്ട്. പോള്‍ ജോര്‍ജ് വധം ഉള്‍പ്പെടെ ഒട്ടേറെ കൊലക്കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. 1999 മുതല്‍ സംസ്ഥാനത്ത് കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, വീടുകയറി ആക്രമണം, ലഹരി ഇടപാട് തുടങ്ങി ഇരുപതിലേറെ കേസുകളിലും പ്രതിയാണ്. അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പാറ്റൂര്‍ ഗുണ്ടാ ആക്രമണക്കേസില്‍ മുഖ്യപ്രതിയായിരുന്നു ഓംപ്രകാശ്.