Kerala

‘വൈദ്യുതി ബോര്‍ഡിനെ പിണറായി സര്‍ക്കാര്‍ അഴിമതി നടത്താനുള്ള വെള്ളാനയാക്കി’: സതീശന്‍ | vd satheeshan

നിലവിലെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പുറമെ  അടുത്ത മാര്‍ച്ച് മാസത്തോടെ വീണ്ടും കൂട്ടാനുള്ള നടപടിയെടുത്തിട്ടുണ്ട്

തിരുവനന്തപുരം: വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുന്നതിനെതിരെയും വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വൈദ്യുതി ബോര്‍ഡിനെ പിണറായി സര്‍ക്കാര്‍ അഴിമതി നടത്താനുള്ള വെള്ളാനയാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസ്ഥാനതല ഉദ്ഘാടനം പട്ടം വൈദ്യുതി ഭവന് മുന്നില്‍ നിര്‍വഹിച്ച് ചൂണ്ടിക്കാട്ടി.

കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമായിരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ കരാര്‍ റദ്ദാക്കി അതേ കമ്പനികളില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ ഇടതു സര്‍ക്കാര്‍ വൈദ്യുതി വാങ്ങുന്നതാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം. നിലവിലെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പുറമെ  അടുത്ത മാര്‍ച്ച് മാസത്തോടെ വീണ്ടും കൂട്ടാനുള്ള നടപടിയെടുത്തിട്ടുണ്ട്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്ന വൈദ്യുതി ബോര്‍ഡിനെ കോടികളുടെ കടക്കെണിയിലെത്തിച്ചു ഇടതുഭരണം. സ്വകാര്യ കമ്പനികള്‍ക്ക്  വൈദ്യുതി മേഖലയെ തീറെഴുതി. മണിയാര്‍ ജല വൈദ്യുതി കരാര്‍ കാര്‍ബോറണ്ടത്തിന് നീട്ടികൊടുക്കാനുള്ള നീക്കത്തിന് പിന്നിലും തീവെട്ടിക്കൊള്ളയും അഴിമതിയുമാണെന്നും അതിനെ യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും  വി ഡി സതീശന്‍ പറഞ്ഞു.

എഐസിസി സെക്രട്ടറി വി കെ അറിവഴകന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു, ജി സുബോധന്‍, ജി എസ് ബാബു, എന്‍ ശക്തന്‍, വി എസ് ശിവകുമാര്‍, പാലോട് രവി, പീതാംബരക്കുറുപ്പ്, ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, കെ മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പത്ത് ജില്ലകളിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 16ന്  പ്രതിഷേധ മാര്‍ച്ച് വൈദ്യുതി ഓഫീസുകളിലേക്ക് നടത്തിയിരുന്നു.

content highlight: satheesan-says-that-pinarayi-government-has-ruined-the-electricity-board