India

പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം: പരിക്കേറ്റ ഒന്‍പത് വയസ്സുകാരന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒന്‍പത് വയസ്സുകാരന്‍ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. അപകടം സംഭവിച്ച ഹൈദരാബാദിലെ സന്ധ്യ തിയറ്ററിന്‍റെ ലൈസൻസ് റദ്ദാക്കും.

ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീതേജ്. ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണറാണ് വിവരം പുറത്തുവിട്ടത്.

ഡിസംബർ നാലിന്, ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലായിരുന്നു അപകടമുണ്ടായത്. ചിത്രത്തിന്‍റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയർ ഷോ കാണാൻ എത്തിയത്. തിയറ്ററിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതി മരിച്ചു.

സംഭവത്തിൽ സന്ധ്യ തിയേറ്ററിന്റെ ഉടമ, തിയേറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് ശേഷമാണ് അല്ലു അർജുനെ പ്രതി ചേർത്തത്. അല്ലു അർജുനെതിരേ കേസെടുക്കുകയും നടൻ അറസ്റ്റിലാവുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. പ്രീമിയറിൽ പങ്കെടുക്കാൻ അല്ലു അർജുൻ, രശ്മിക മന്ദാന തുടങ്ങിയവർ സന്ധ്യാ തിയേറ്ററിലെത്തുമെന്ന വിവരം അറിയിച്ചില്ലെന്നാണ് പോലീസ് ഭാഷ്യം.