Sports

ഫിഫയുടെ മികച്ചതാരത്തിനുള്ള പുരസ്‌കാരം വിനീഷ്യസ്‌ ജൂനിയറിന്‌

ദോഹ: ഫിഫയുടെ മികച്ചതാരത്തിനുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ്‌ ജൂനിയറിന്‌. വനിതകളിലെ മികച്ച ഫുട്‌ബോൾ താരമായി സ്‌പെയ്‌നിന്റെ അയ്‌താന ബൊൻമാറ്റിയെ തെരഞ്ഞെടുത്തു. ദോഹയില്‍ വച്ചരങ്ങേറിയ ചടങ്ങിലാണ് ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരങ്ങളെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനുവേണ്ടി പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ്‌ വിനീഷ്യസിനെ ആഗോള ഫുട്‌ബോൾ സംഘടനയുടെ ബെസ്‌റ്റാക്കിയത്‌. ബാലന്‍ദ്യോര്‍ പുരസ്കാര ജേതാവ് സ്പെയിനിന്റെ റോഡ്രി, റയല്‍ മാഡ്രിഡിന്‍റെ തന്നെ കിലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട് എന്നിവരെ മറികടന്നാണ് വിനീഷ്യസ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സീസണിൽ റയലിനായി സ്‌പാനിഷ്‌ ലീഗും ചാമ്പ്യൻസ്‌ ലീഗും സ്വന്തമാക്കി. ചാമ്പ്യൻസ്‌ ലീഗിലെ മികച്ചതാരവുമായി. ആറ്‌ ഗോളാണ്‌ ചാമ്പ്യൻസ്‌ ലീഗിൽ നേടിയത്‌. അഞ്ചെണ്ണത്തിന്‌ അവസരമൊരുക്കി.

തുടർച്ചയായ രണ്ടാംതവണയാണ്‌ ബൊൻമാറ്റിക്ക്‌ മികച്ച വനിതാതാരത്തിനുള്ള ഫിഫ പുരസ്‌കാരം ലഭിക്കുന്നത്‌. അർജന്റീന താരം എമിലിയാനോ മാർട്ടിനെസാണ്‌ മികച്ച ഗോൾകീപ്പർ. റയൽ മാഡ്രിഡിന്റെ കാർലോ ആൻസെലൊട്ടിയാണ്‌ മികച്ച പരിശീലകൻ. മികച്ച ഗോളിന്‌ പുസ്‌കാസ്‌ അവാർഡ്‌ മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ അലസാൻഡ്രോ ഗർണാച്ചോയ്‌ക്കാണ്‌. വനിതകളിൽ സ്വന്തംപേരിലുള്ള ‘മാർത്ത’ പുരസ്‌കാരം ബ്രസീൽ ഇതിഹാസതാരം മാർത്ത തന്നെ സ്വന്തമാക്കി.