ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് കൊടൈക്കനാൽ സ്വദേശി ശരവണകുമാർ (47) ആണ് മരിച്ചത്. മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
അതേസമയം, തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ തീർഥാടകരുടെ വൻ പ്രവാഹം. പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ്പ് 6 മുതൽ 7 മണിക്കൂർ വരെ നീളുന്നു. പുലർച്ചെ പടി കയറാനുള്ള ക്യു ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിനു സമീപം വരെ നീണ്ടു. മരക്കൂട്ടം മുതൽ തീർഥാടകരെ തടഞ്ഞു നിർത്തി ചെറിയ സംഘമായാണ് കടത്തി വിട്ടുന്നത്.
മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ച് 26ന് മണ്ഡലപൂജ നടക്കും. ഉച്ചയ്ക്ക് 12നും 12.30നും മധ്യേ അയ്യപ്പ സ്വാമിക്ക് തങ്കഅങ്കി ചാർത്തി മണ്ഡലപൂജ നടക്കും. അന്നു രാത്രി നട അടയ്ക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരിയുടെ സഹകാർമികത്വത്തിലുമാണ് മണ്ഡലപൂജ. അന്നു പുലർച്ചെ 3.30 മുതൽ 11 വരെ മാത്രമാണ് നെയ്യഭിഷേകം. മണ്ഡല പൂജ കഴിഞ്ഞതിനാൽ അന്ന് വൈകിട്ട് നാലിനാണ് നട തുറക്കുക. തീർഥാടകരുടെ തിരക്ക് കുറവാണെങ്കിൽ രാത്രി 10നും തിരക്കുണ്ടെങ്കിൽ 11നും നട അടയ്ക്കും. മകരവിളക്ക് തീർഥാടനത്തിനായി 30ന് വൈകിട്ട് 5ന് വീണ്ടും നട തുറക്കും.