അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാൻഡോ ഹവിൽദാർ വിനീതിന്റെ ആത്മഹത്യയിൽ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി എസ് ഒ ജി കമാൻഡോകൾ. ഉദ്യോഗസ്ഥരുടെ പീഡനമാണ് വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സഹപ്രവർത്തകരുടെ മൊഴി. കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരീക്കോട് ക്യാമ്പിലെത്തി മൊഴി രേഖപ്പെടുത്തിയത്.
എസി അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. 2021 ലെ ട്രെയിനിങ്ങിനിടെ വയനാട് സ്വദേശിയായ സുനീഷിൻറെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണ് വ്യക്തിവൈരാഗ്യത്തിന് കാരണം. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ അതിന് സമ്മതിച്ചിരുന്നില്ലെന്നുമടക്കമുള്ള കാര്യങ്ങൾ വിനീതടക്കമുള്ള കമാൻഡോകൾ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ക്യാമ്പിലെ ശുചിമുറിയിൽ മരിച്ച നിലയിൽ വിനീതിനെ കണ്ടെത്തുന്നത്. സ്വയം വെടിയുതിർത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ക്യാമ്പിലെ റീഫ്രഷ്മെൻറ് പരിശീലനത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് വലിയ മാനസിക പീഡനമാണ് വിനീത് നേരിട്ടതെന്ന് തെളിയിക്കുന്ന സന്ദേശവും കത്തുകളും പുറത്തുവന്നിരുന്നു.