ക്രിസ്മസ് ഒക്കെയല്ലേ വരുന്നത്, പ്ലം കേക്ക് ക്രിസ്മസിന്റെ ഭാഗമാണല്ലോ, ഇത് ഇഷ്ടമുളള ഒരുപാട് പേരുണ്ട്. വീട്ടിലെ കുക്കറിൽ വളരെ എളുപ്പത്തിൽ പ്ലം കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മൈദ- ഒന്നര കപ്പ്
- ബേക്കിങ് പൗഡർ- 1 ടേബിൾസ്പൂൺ
- ബേക്കിങ് സോഡ- അര ടേബിൾസ്പൂൺ
- നട്മെഗ് പൗഡർ- അര ടേബിൾസ്പൂൺ
- ഡ്രൈ ഫ്രൂട്ട്സ്- അര കപ്പ്
- ഓറഞ്ച് ജ്യൂസ്- കാൽകപ്പ്
- പഞ്ചസാര പൊടിച്ചത്- 6 ടേബിൾ സ്പൂൺ
- ജാതിക്ക പൊടിച്ചത്- അര ടീസ്പൂൺ
- കറുവാപ്പട്ട പൊടിച്ചത്- കാൽ ടീസ്പൂൺ
- വെജിറ്റബിൾ ഓയിൽ
- വാനില എസൻസ്- 1 ടേബിൾസ്പൂൺ
- പാൽ- അര കപ്പ്
തയ്യാറാക്കുന്ന വിധം
ഡ്രൈ ഫ്രൂട്ട്സിലേക്ക് ഓറഞ്ച് ജ്യൂസ് ഒഴിച്ച് ഒരു മണിക്കൂർ വയ്ക്കുക. ഒരു സ്പൂൺ പഞ്ചസാരയിൽ ഒരു സ്പൂൺ വെളളം ഒഴിച്ച് തിളപ്പിക്കുക. കളർ മാറുമ്പോൾ അതിലേക്ക് കാൽകപ്പ് വെളളം ചേർക്കുക. തിളക്കുമ്പോൾ മാറ്റുക. ഡ്രൈ ഫ്രൂട്ട്സിൽ ഒരു ടേബിൾസ്പൂൺ മൈദ പൊടി ചേർക്കുക. പാലിലേക്ക് പഞ്ചസാര ചേർക്കുക. ഇതിലേക്ക് കാൽ ഗ്ലാസ് വെജിറ്റബിൾ ഓയിൽ ചേർക്കുക. ഇതിലേക്ക് വാനില എസൻസ് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മേദപൊടിയും ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ഒരു നുള്ള് ഉപ്പും ജാതിക്ക പൊടിച്ചതും കറുവാപ്പട്ട പൊടിച്ചതും അരിപ്പയിൽ അരിച്ച് ഇടുക.
ഇതിലേക്ക് ഡ്രൈ ഫ്രൂട്ട്സും കാരമൽ സിറപ്പും (പഞ്ചസാര ലായനി) ചേർക്കുക. എല്ലാം നല്ലതുപോലെ യോജിപ്പിക്കുക. കുക്കറിന്റെ എല്ലാ ഭാഗത്തും എണ്ണ പുരട്ടിയശേഷം ബട്ടർ പേപ്പർ വയ്ക്കുക. കുക്കറിലേക്ക് ഈ മിശ്രിതം ഒഴിച്ചശേഷം കുറച്ച് അണ്ടിപ്പരപ്പും കിസ്മിസും ഇടുക. നോൺസ്റ്റിക് പാനിനു മുകളിലേക്ക് കുക്കർ വയ്ക്കുക. കുക്കറിലെ വാഷർ മാറ്റിയശേഷം അടയ്ക്കുക. മീഡിയം ഫ്ലെയിമിൽ 20 മിനിറ്റ് വേവിച്ച് എടുക്കുക.