നല്ല നാടൻ സ്റ്റൈലിൽ കുരുമുളക് ചതച്ചിട്ട ബീഫ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു ബീഫ് വിഭവമാണിത്.
ആവശ്യമായ ചേരുവകൾ
- ബീഫ് – 1കിലോ
- മല്ലിപ്പൊടി- 3 ടേബിൾ സ്പൂൺ
- മുളകുപൊടി- അര ടീസ്പൂൺ
- മല്ലിപ്പൊടി- കാൽ ടീസ്പൂൺ
- കുരുമുളക് ചതച്ചെടുത്തത്- ഒരു ടീസ്പൂൺ
- ഗരം മസാല-2 ടീസ്പൂൺ അല്ലെങ്കിൽ മീറ്റ് മസാല- 1 ടേബിൾ ടീസ്പൂൺ
- ഇഞ്ചി- രണ്ടു കഷ്ണം ചെറുതായി അരിഞ്ഞത്
- പച്ചമുളക്- 2
- ഒന്നര ടീസ്പൂൺ- ഉപ്പ്
- നാരങ്ങാനീര്- ഒരു ടീസ്പൂൺ
- ചെറിയ ഉള്ളി- 30
- വെളുത്തുള്ളി- 6 അല്ലി
- കടുക്- അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
നന്നായി കഴുകിയെടുത്ത ബീഫിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മല്ലിപൊടി, അര ടീസ്പൂൺ കുരുമുളക് ചതച്ചത്, ഒരു ടീസ്പൂൺ ഗരം മസാല, ഇഞ്ചി ചെറുതായി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ നന്നായി മിക്സ് ചെയ്യുക. ശേഷം മസാലപുരട്ടിയ ബീഫ് ഒട്ടും വെള്ളം ചേർക്കാതെ കുക്കറിൽ വേവിച്ചെടുക്കുക. ആദ്യവിസിൽ വരുന്നതുവരെ തീ കൂട്ടി വെച്ച് വേവിക്കാം. പിന്നീട് തീ കുറച്ചുവെച്ച് മൂന്നാമത്തെ വിസിൽ വന്നുകഴിയുമ്പോൾ കുക്കർ ഓഫ് ചെയ്യുക.15 മിനിറ്റ് കുക്കർ തുറക്കാതെ അങ്ങനെത്തന്നെ വെയ്ക്കുക.
ഒരു പാൻ എടുത്ത് ചൂടാക്കി അതിലേക്ക് മൂന്നു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. അര ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. ഒരു കഷ്ണം ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് നന്നായി മൂപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി ചേർക്കാം. കറിവേപ്പിലയും ഉപ്പും ചേർത്ത് ചെറിയ ഉള്ളി ഗോൾഡൻ ബ്രൗൺ നിറമാകും വരെ വേവിക്കുക. ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ മല്ലിപൊടിയും ഒരു ടീസ്പൂൺ ഗരം മസാലയും ചേർത്ത് യോജിപ്പിക്കുക. മസാല ഒന്നു മൂത്തുകഴിയുമ്പോൾ കുക്കറിൽ വേവിച്ച് വെച്ച ബീഫ് ചേർത്ത് ഇളക്കുക. വെള്ളം വറ്റുന്നതുവരെ വേവിക്കുക. ഇതിലേക്ക് അര ടീസ്പൂൺ ചതച്ച കുരുമുളക് കൂടി ചേർത്ത് ഇളക്കി സ്റ്റൗ ഓഫ് ചെയ്യുക. ഒരു അരമണിക്കൂർ കഴിഞ്ഞ് സർവ്വ് ചെയ്യാം.