Food

റെസ്റ്റോറന്റിൽ നിന്നും ലഭിക്കുന്ന അതേ സ്വാദിൽ ബീഫ് ചില്ലി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം | Beef Chilli Recipe

ബീഫ് ഇഷ്ടപ്പെടുന്നവർക്ക് തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവമാണിത്. റെസ്റ്റോറന്റിൽ നിന്നും ലഭിക്കുന്ന അതേ സ്വാദിൽ ബീഫ് ചില്ലി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ബീഫ്- 750 ഗ്രാം
  • കാശ്മീരി മുളക് പൊടി
  • കുരുമുളക് പൊടി
  • ജീരകപ്പൊടി
  • ഗരം മസാല
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾ സ്പൂൺ
  • ഇഞ്ചി- ഒരു ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക്- 4 എണ്ണം
  • സവാള- 2 എണ്ണം
  • കാപ്സിക്കം- 1
  • ചെറുനാരങ്ങ- 1
  • കോൺഫ്ളവർ- 1 ടീസ്പൂൺ
  • സോയ സോസ്- 1 ടീസ്പൂൺ
  • ഗ്രീൻ ചില്ലി സോസ്- 1 ടീസ്പൂൺ
  • ടൊമാറ്റോ കെച്ചപ്പ് – 2 ടീസ്പൂൺ
  • പഞ്ചസാര- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ബീഫ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇതിലേക്ക് അൽപ്പം ഉപ്പ്, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ പെരുഞ്ചീരകപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, ഒരു ടേബിൾ സ്പൂൺ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മസാല തേച്ചുപിടിപ്പിച്ച ബീഫ് വെള്ളം ഒഴിക്കാതെ ഒരു കുക്കറിൽ വേവിച്ചെടുക്കുക. ലോ സിമ്മിൽ വെച്ചുവേണം വേവിക്കാൻ. നാലു വിസിൽ വന്നാൽ കുക്കർ ഓഫ് ചെയ്യാം.

ഒന്നു തണുത്തതിനു ശേഷം കുക്കറിൽ നിന്നും ബീഫ് കഷ്ണങ്ങൾ മാത്രം ഒരു പാത്രത്തിലേക്ക് മാറ്റുക. ബീഫ് വേവിച്ച വെള്ളം മാറ്റിവയ്ക്കുക, ഇത് പിന്നെ ആവശ്യം വരും. വേവിച്ച ബീഫിലേക്ക് ഒരു ടീസ്പൂൺ കോൺഫ്ളവർ, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, അര ടീസ്പൂൺ നാരങ്ങാ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ബീഫ് കഷ്ണങ്ങൾ ചെറുതീയിൽ എണ്ണയിൽ വറുത്തെടുക്കുക. ബീഫ് കഷ്ണങ്ങൾ നല്ല ഡാർക്ക് ബ്രൗൺ നിറമാവുമ്പോൾ ചട്ടിയിൽ നിന്നും കോരി മറ്റൊരു ബൗളിലേക്ക് മാറ്റുക.
ചട്ടിയിലെ ശേഷിക്കുന്ന എണ്ണയിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി ഒരു ടീസ്പൂൺ, പച്ചമുളക്, സവാള അരിഞ്ഞത് എന്നിവ ഇട്ട് വഴറ്റുക.

അര ടീസ്പൂൺ കുരുമുളക് പൊടി കൂടി ചേർക്കുക. നന്നായി വഴന്നു വരുമ്പോൾ മുൻപ് മാറ്റിവച്ച ബീഫ് വേവിച്ച വെള്ളം ഒഴിക്കുക. ഇതിലേക്ക് അരിഞ്ഞുവച്ച ക്യാപ്സികം കഷ്ണങ്ങളും സോയ സോസും ഗ്രീൻ ചില്ലി സോസും ടൊമാറ്റോ കെച്ചപ്പും ചേർക്കുക. അര ടീസ്പൂൺ പഞ്ചസാര കൂടി ചേർത്തു കൊടുക്കുക. കളറിനായി അൽപ്പം കാശ്മീരി മുളകുപൊടിയും ചേർക്കാം.