Kerala

നേഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; ദുരൂഹതയുണ്ട്, സമഗ്ര അന്വേഷണം വേണം: ആരോപണവുമായി ബന്ധുക്കൾ

കോഴിക്കോട് സർക്കാർ നേഴ്സിങ് കോളേജിലെ രണ്ടാംവർഷ വിദ്യാര്‍ഥിനിയായ ലക്ഷ്മി രാധാകൃഷ്ണൻ്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ. ലക്ഷ്മിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബന്ധു ഹരിപ്രസാദ് പറഞ്ഞു. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ല. ഞായറാഴ്ചയാണ് നാട്ടിൽ നിന്നും കോഴിക്കോടേക്ക് മടങ്ങിയതെന്നും ഹരിപ്രസാദ് പറയുന്നു. ലക്ഷ്മിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കമ്മീഷണർക്ക് പരാതി നൽകുമെന്നും ബന്ധു പറഞ്ഞു. അതേസമയം, ലക്ഷ്മിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി.

കോട്ടയം കിടങ്ങൂർ സ്വദേശിയായ ലക്ഷ്മിയെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. രക്ഷിതാക്കളിൽ നിന്നും ലക്ഷ്മിക്കൊപ്പം ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനികളിൽ നിന്നും പൊലീസ് ഉടൻ മൊഴിയെടുക്കും. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.