തീവ്രവാദ കേസിലെ പ്രതി ബംഗ്ലാദേശ് സ്വദേശി കാഞ്ഞങ്ങാട് അറസ്റ്റിൽ. എം ബി ഷാബ് ഷെയ്ഖ് (32) ആണ് പിടിയിലായത്. ആസാമില്‍ യുഎപിഎ കേസില്‍ പ്രതിയായതോടെ ഷാബ് ഷെയ്ഖ് കേരളത്തിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ കുറിച്ച് വിവരം കിട്ടിയതിനെ തുടർന്ന് ആസാം പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പടന്നക്കാട് ഒരു ക്വാട്ടേഴ്സിലാണ് പ്രതി താമസിച്ചു വന്നിരുന്നത്. ഒരു മാസം മുമ്പാണ് ഇയാൾ പടന്നക്കാട് എത്തിയതെന്നാണ് വിവരം. ഇവിടെ കെട്ടിട നിർമാണ ജോലി ചെയ്തുവരികയായിരുന്നു.
സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിൽ താമസിച്ചു വന്നിരുന്ന ഇയാൾ അടുത്താണ് കാസർകോട് എത്തുന്നത്. ഇയാൾക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ആസാം സ്വദേശിയാണെന്ന് പറഞ്ഞിരുന്ന ഇയാൾ വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിലാണ് അറസ്റ്റിലായിരിക്കുന്നത്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയും ആസാം പൗരനെന്ന വ്യാജേന പാസ്പോർട്ടുണ്ടാക്കി ഇന്ത്യയിൽ കഴിയുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കി.ഇന്ന് വൈകിട്ടോടെ പ്രതിയെ അസമിലേക്ക് കൊണ്ടുപോകും.