India

അംബേദ്ക്കറിനെതിരെയുള്ള അമിത്ഷായുടെ പരാമര്‍ശത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം; ആഭ്യന്തര മന്ത്രി രാജിവെക്കണമെന്ന് മല്ലികാർജ്ജുൻ ഖർഗെ

ലോക് സഭയിൽ ഇന്നും പോര്. ഭരണഘടന ചർച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത്ഷാ ബിആർ അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. അംബേദ്കറിനെ അപമാനിച്ച ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പരാമർശം അംബേദ്കറിനെ അപമാനിക്കുന്നതും, ഇന്ത്യൻ ഭരണഘടന അപമാനിക്കുന്നതും, രാജ്യത്തെ പട്ടികജാതി പട്ടികവർ വിഭാഗങ്ങളെ അപമാനിക്കുന്നതാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. അമിത്ഷായുടെ പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രണ്ടു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സ്പീക്കർ അടിയന്തരപ്രമേയം അനുവദിച്ചില്ല, സഭ പെട്ടെന്ന് പിരിച്ചുവിടുകയായിരുന്നു. സഭ കൂടുമ്പോൾ വീണ്ടും വിഷയം ഉന്നയിക്കും. പരാമർശം പുറത്തുവന്നത്തോടുകൂടി എക്കാലവും ബിജെപി അംബേദ്കറിന് എതിരാണെന്ന് വ്യക്തമാവുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി കൂട്ടിച്ചേർത്തു.