World

ശരീരത്തിൽ 71 മുറിവുകൾ, 25 എല്ലുകൾ ഒടിഞ്ഞു; പത്തു വയസുകാരിയുടെ കൊലപാതകത്തിൽ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

ലണ്ടനിൽ പാക്കിസ്ഥാൻ വംശജയായ പെൺകുട്ടിയുടെ മരണത്തിൽ പിതാവിനും രണ്ടാനമ്മയ്ക്കും യുകെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പത്തു വയസ്സുകാരിയായ സാറാ ഷെരീഫിന്റെ കൊലപാതകത്തിലാണ് പിതാവ് ഉർഫാൻ ഷെരീഫ് (43), രണ്ടാനമ്മ ബീനാഷ ബട്ടൂൽ (30) എന്നിവരെ ലണ്ടൻ ഓൾഡ് ബെയ്‌ലി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഉർഫാന് 40 വർഷവും ബീനാഷയ്ക്ക് 33 വർഷവുമാണ് തടവുശിക്ഷ.

കൊലപാതകത്തിന് ശേഷം ഉർഫാനും ബീനാഷയും പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടെങ്കിലും ഇസ്‌ലാമാബാദിൽ നിന്ന് ലണ്ടനിലേക്ക് തിരികെ എത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൈകാര്യം ചെയ്തതിൽ ഏറ്റവും പ്രതിസന്ധി നിറഞ്ഞതും സങ്കീർണവുമായിരുന്നു സാറാ കേസ് എന്ന് പൊലീസ് പറഞ്ഞു.

2023 ഓഗസ്റ്റിലാണ് ആൾതാമസമില്ലാത്ത വീട്ടിൽ 10 വയസ്സാരി സാറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമർദ്ദനത്തിനിരയായാണ് സാറ മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു. കുട്ടിയുടെ ശരീരത്തിസ്‍ 71 മുറിവുകളും 25 എല്ലുകൾക്ക് ഒടിവും സംഭവിച്ചിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആറു വയസ്സ് മുതൽ കുട്ടിയെ ഇരുവരും ചേർന്ന് ക്രൂര പീഡനത്തിനിരയാക്കിയെന്ന് പൊലീസ് കോടതിയിൽ കുറ്റപത്രം നൽകി. ഇരുമ്പ് ദണ്ഡും ക്രിക്കറ്റ് ബാറ്റുമുപയോ​ഗിച്ചും കുട്ടിയെ മർദ്ദിച്ചു. ശുചിമുറി ഉപയോഗിക്കുന്നതിൽനിന്നും വിലക്കിയെന്നും പറയുന്നു. വിചാരണ വേളയിൽ പ്രതികൾ പശ്ചാത്താപത്തിന്റെ ഒരു കണിക പോലും കാണിച്ചില്ലെന്നും ശിക്ഷാ വിധിയിൽ ജഡ്ജി ജോൺ കവാനി നിരീക്ഷിച്ചു.