ആലപ്പുഴ ജില്ലാ വനിതാ-ശിശു ആശുപത്രിയിലെ പ്രസവ ചികിത്സയിലെ പിഴവുകാരണം ഗുരുതര വൈകല്യങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. സർക്കാർ കുഞ്ഞിൻ്റെ സൗജന്യ ചികിത്സ ഏറ്റെടുക്കാൻ തയ്യാറാകാത്ത പക്ഷം പൊതുജന സഹായത്തോടെ അത് ഏറ്റെടുക്കേണ്ടി വരുമെന്നാണ് അദ്ദേഹം ആരോഗ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്. കുഞ്ഞിൻ്റെ സൗജന്യ തുടർചികിത്സ ‘അമ്മയും കുഞ്ഞും’ പദ്ധതിയുടെ ഭാഗമായി സർക്കാർ ഏറ്റെടുക്കുമെന്നറിയിച്ച് ഒരു മാസത്തോളമായിട്ടും ഇക്കാര്യത്തിലെ റിപ്പോർട്ട് സംബന്ധിച്ച് പോലും വ്യക്തത വന്നിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, ഇക്കാര്യത്തിൽ സർക്കാർ ഉദാസീനത കാട്ടുകയാണെന്നും ചൂണ്ടിക്കാട്ടി. ഇതുവരെയും ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നോ ആരോഗ്യവകുപ്പില്‍ നിന്നോ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥനും കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും കെ സി വേണുഗോപാൽ കത്തിലൂടെ അറിയിച്ചു.