India

ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി കലാപക്കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. ഏഴ് ദിവസത്തേക്കാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പെയ് ഉമർ ഖാലിദിന് ജാമ്യം അനുവദിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളുമായി ബന്ധപ്പെടരുത്, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുത്, ബന്ധുക്കളെയും സുഹൃത്തുകളെയും മാത്രമേ കാണാവൂ തുടങ്ങിയവയാണ് നിബന്ധനകൾ. രണ്ട് ആൾ ജാമ്യവും 20,000 രൂപ കെട്ടിവെക്കുകയും വേണം. യുഎപിഎ ചുമത്തപ്പെട്ട ഉമർ ഖാലിദ് 2020 സെപ്തംബർ മുതൽ ജയിലിലാണ്.

കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയായിരുന്നു ഉമർഖാലിദിൻ്റെ അറസ്റ്റ്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ട് പേരും, ഷഹീൻ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്‌ പിന്നിൽ പ്രവർത്തിച്ച യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായതിന് ശേഷം പലപ്പോഴായി സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.