പൗരാണിക ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു അംബാജി. ശക്തിസ്വരൂപിണിയായ സതീദേവിയുടെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്. ഗുജറാത്തിന്‍റെയും രാജസ്ഥാന്‍റെയും അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ബനാസ്കാന്ത ജില്ലയിലെ ഡാന്‍റ താലൂക്കില്‍ ഗബ്ബാര്‍ കുന്നിന്‍റെ മുകളിലാണ് അംബാജി മാതായുടെ പീഠം സ്ഥിതി ചെയ്യുന്നത്. ബാദര്‍വി പൂര്‍ണിമ, ദീപാവലി തുടങ്ങിയ ആഘോഷവേളകളില്‍ ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകര്‍ അംബാജി മാതായുടെ അനുഗ്രഹം തേടി ഇവിടെയെത്തുന്നു. ആരവല്ലി പര്‍വ്വതനിരകളിലെ നിബിഡവനങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന അംബാജി സഞ്ചാരികളെ സംബന്ധിച്ചിടത്തോളം പ്രകൃതി സൗന്ദര്യവും ആത്മീയതയും ഇഴചേരുന്ന ഒരനുഭവമാണ്.
ആരവല്ലി പര്‍വ്വതനിരകളോട് ചേര്‍ന്നുള്ള അരാസുര്‍ മലകളില്‍ സമുദ്രനിരപ്പില്‍നിന്നും 1600 അടി ഉയരത്തിലാണ് ഗബ്ബാര്‍ കുന്നിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥാനം. വേദാകാല നദിയായ സരസ്വതിയുടെ ഉത്ഭവസ്ഥാനത്തിന് അടുത്തായാണ് ഗബ്ബാര്‍ കുന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്. കുത്തനെയുള്ള ഈ കുന്ന് നടന്നുകയറുക അത്ര എളുപ്പമുള്ള കാര്യമല്ല. ഗബ്ബാറിനു താഴെനിന്നും കല്ലുകൊണ്ട് നിര്‍മ്മിച്ച 300 പടികള്‍ കയറിയാല്‍ ഒരു ഇടുങ്ങിയ പാതയിലെത്തും. ഈ പാതയിലൂടെ സഞ്ചരിച്ചുവേണം ക്ഷേത്രത്തിലെത്താന്‍.
ഇന്ത്യയിലെ ശക്തി പീഠങ്ങളില്‍ സുപ്രധാനമായ ഒന്നാണ് അംബാജി ക്ഷേത്രം. സതീദേവിയുടെ ശരീരത്തില്‍ നിന്നും ഹൃദയം വേര്‍പെട്ട് വീണത് ഗബ്ബാര്‍ കുന്നിന്‍റെ മുകളിലാണെന്നാണ് ഐതിഹ്യം.
അരാസുരി അംബാജി ക്ഷേത്രത്തില്‍ ദേവിയുടെ വിഗ്രഹങ്ങളൊന്നും പ്രതിഷ്ഠിക്കപ്പെട്ടിട്ടില്ല എന്ന് കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാം. ശ്രീ വിസ യന്ത്രമാണ് ക്ഷേത്രത്തില്‍ പൂജിക്കപ്പെടുന്നത്. ഇതാകട്ടെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കയുമില്ല. അകക്കണ്ണുകൊണ്ട് വേണം ദേവിയോട് പ്രാര്‍ത്ഥിക്കാന്‍ എന്നര്‍ത്ഥം. നിരവധി പുണ്യഗ്രന്ഥങ്ങളില്‍ അംബാജിയെപറ്റി പരാമര്‍ശമുണ്ട്. മഹാഭാരതത്തിലും അംബാജി ക്ഷേത്രത്തെ കുറിച്ച് പറയുന്നുണ്ട്. വനവാസകാലത്ത് പാണ്ഡവര്‍ ഈ ക്ഷേത്രത്തില്‍ പൂജക്കായി വന്നിരുന്നു എന്നാണ് ആ കഥ. എല്ലാ വര്‍ഷവും ജൂലായ് മാസത്തില്‍ നടക്കുന്ന ബാദര്‍വി പൂര്‍ണിമയ്ക്ക് ഇന്ത്യയിലെ പല ഭാഗത്തുനിന്നും ഭക്തര്‍ അംബാജി മാതയുടെ അനുഗ്രഹം തേടി ഇവിടെയെത്തുന്നു. ദീപാവലിയാണ് അംബാജിയിലെ മറ്റൊരു പ്രധാന ആഘോഷം. ഗുജറാത്ത് – രാജസ്ഥാന്‍ അതിര്‍ത്തിയായ കടിയാദ്രയില്‍ നിന്നും 73 കിലോമീറ്ററും, മൗണ്ട് അബുവില്‍ നിന്നും 45 കിലോമീറ്ററും, പാലന്‍പൂരില്‍ നിന്നും 72 കിലോമീറ്ററും ദൂരെയാണ് അംബാജി സ്ഥിതി ചെയ്യുന്നത്.
ഗബ്ബാറിലെ കൈലാസ് ഹില്‍ സണ്‍സെറ്റ് പോയിന്‍റില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് മനോഹരമായ ഒരു പ്രകൃതി ദൃശ്യംത്തോടൊപ്പം റോപ് വേ റൈഡും ആസ്വദിക്കാനാകും. തീര്‍ത്ഥാടനപരമായ ഗബ്ബാര്‍ കുന്നില്‍ അംബാജി ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന മറ്റുചില ക്ഷേത്രങ്ങള്‍ കൂടിയുണ്ട്. പ്രധാന ക്ഷേത്രത്തിന് പുറകിലെ മാനസരോവര്‍ എന്നുപേരുള്ള കുളത്തിന് ഇരുവശങ്ങളിലുമായി മഹാദേവ ക്ഷേത്രവും അംബാജി മാതായുടെ സഹോദരിയായ അജയ് ദേവിയുടെ ക്ഷേത്രവും നിലകൊള്ളുന്നു. അംബാജിയിലെത്തുന്നവര്‍ ഈ ക്ഷേത്രങ്ങളിലും പ്രാര്‍ത്ഥന നടത്താറുണ്ട്. അംബാജി ക്ഷേത്രത്തില്‍നിന്നും 8 കിലോമീറ്റര്‍ അകലെ വേദാകാല പുണ്യനദിയായ സരസ്വതിയുടെ പ്രഭവസ്ഥാനത്തിന് അടുത്തായി പുരാതനമായ കോതേശ്വര്‍ മഹാദേവ ക്ഷേത്രവും കാണാം. ഓരോ വര്‍ഷവും എണ്ണമറ്റ തീര്‍ത്ഥാടകരാണ് അംബാജിയിലേക്ക് പ്രവഹിക്കുന്നത്. വിവിധ മതങ്ങളില്‍പ്പെട്ടവര്‍ അനുഗ്രഹം തേടി അംബാജിയിലെത്തുന്നു എന്നതും ഒരു സവിശേഷതയാണ്.
STORY HIGHLIGHTS: Ambaji attracts everyone