India

കേരള സര്‍ക്കാരിനെ പഴിചാരി കേന്ദ്രം ; ശബരി റെയിൽ പദ്ധതി വൈകുന്നത് കേരളം സ്ഥലം ഏറ്റെടുക്കാത്തത് കൊണ്ടെന്ന് റെയിൽവേ മന്ത്രി | sabari-rail-project

റെയില്‍വേയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനായി 2111.83 കോടി രൂപ കേന്ദ്രം കേരളത്തിന് നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ശബരി റെയില്‍ പദ്ധതി വൈകുന്നതില്‍ കേരള സര്‍ക്കാരിനെ പഴിചാരി കേന്ദ്രം. കേരളം സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതുകൊണ്ടാണ് പദ്ധതി നീണ്ടുപോകുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ശബരി റെയില്‍ പദ്ധതി നടപ്പാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനം എടുത്തുവോ എന്ന ആന്റോ ആന്റണി എം.പി.യുടെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു റെയില്‍വേ മന്ത്രി.

റെയില്‍വേയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനായി 2111.83 കോടി രൂപ കേന്ദ്രം കേരളത്തിന് നല്‍കിയിട്ടുണ്ട്. പദ്ധതിക്കായി മൊത്തം 475 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇതുവരെ ഏറ്റെടുത്തത് 64 ഹെക്ടര്‍ സ്ഥലം മാത്രമാണ്. ഇനി ഏറ്റെടുക്കാനുള്ളത് 411 ഹെക്ടറും. സ്ഥലം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്. പദ്ധതി നടപ്പാക്കുന്നതിന്റെ വേഗം കേരള സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളിലായി കേരളത്തിന് ധനസഹായം നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ പലമടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. 2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 372 കോടി രൂപയാണ്. മാത്രമല്ല, 2024-’25 കാലയളവില്‍ 3011 കോടി രൂപയാണ് മുഴുവനായോ ഭാഗീകമായോ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയതെന്നും കേന്ദ്രമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.

content highlight : railway-minister-ashwini-vaishnaw-accused-kerala-government-for-slowing-sabari-rail-project