കോഴിക്കോട്: പൊതുവിദ്യാലയങ്ങളിലെ സ്കൂൾ തല പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെ, ഇന്നലെ നടന്ന 10–ാം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യക്കടലാസും ചോർന്നു. ആകെയുള്ള 40 മാർക്കിൽ 32 മാർക്കിന്റെ ചോദ്യങ്ങളും വിവാദ യുട്യൂബ് ചാനലായ എംഎസ് സൊലൂഷൻസിന്റെ ഉടമ മുഹമ്മദ് ഷുഹൈബ് പ്രവചിച്ചവയാണ്.
ചില രാസ സമവാക്യങ്ങളും പ്രത്യേക രാസപ്രവർത്തനങ്ങളും വിഡിയോയിലും പരീക്ഷയിലും ഒരേപോലെ വന്നതാണ് പ്രധാനമായി സംശയം ഉയരാൻ കാരണം. കെമിസ്ട്രി പരീക്ഷയുടെ തലേന്നാണ് ചാനലിൽ വിഡിയോ വന്നത്. അതേസമയം, മുൻ പരീക്ഷകളെ അപേക്ഷിച്ച് ഈ വിഡിയോയ്ക്കു കൃത്യത കുറവായിരുന്നു. കണക്ക്, ഇംഗ്ലിഷ് പരീക്ഷകൾക്കു ചോദ്യക്കടലാസിലെ അതേ എണ്ണം ചോദ്യങ്ങൾ തന്നെയായിരുന്നു പ്രവചന വിഡിയോയിലും ഉണ്ടായിരുന്നതെങ്കിൽ കെമിസ്ട്രിക്ക് ഇരട്ടിയോളം ചോദ്യങ്ങളും കൂടുതൽ പാഠഭാഗങ്ങളും ഉൾപ്പെടുത്തിയിരുന്നു.
‘നാളെ പരീക്ഷാ പേപ്പറിൽ കാണാൻ പോകുന്ന ചോദ്യങ്ങളാണിത്. മറ്റൊന്നും നോക്കേണ്ട’ എന്നായിരുന്നു ആദ്യ വിഡിയോകളിൽ പറഞ്ഞിരുന്നതെങ്കിൽ കെമിസ്ട്രിക്ക് ‘വന്നേക്കാം’ എന്നു മാത്രമായിരുന്നു പ്രവചനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിഡിയോ എന്നും സംശയം ഉയരുന്നു.