Kerala

പത്തനംതിട്ട വാഹനാപകടം: മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും | Pathanamthitta road accident

പത്തനംതിട്ട: പത്തനംതിട്ട മുറിഞ്ഞകല്ലിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. മരിച്ച മത്തായി ഈപ്പൻ, മകൻ നിഖിൽ ഈപ്പൻ മത്തായി,ഭാര്യ അനു ബിജു, അനുവിന്റെ പിതാവ് ബിജു പി ജോർജ് എന്നിവരുടെ മൃതദേഹങ്ങൾ മല്ലശ്ശേരിയിലെ വീടുകളിൽ എത്തിക്കും. രാവിലെ എട്ടുമണി മുതൽ പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംസ്കാരം. ഒരു മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാകും. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാജ്ഞലി അർപ്പിയ്ക്കാനെത്തും.

മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നു മടങ്ങിയെത്തിയ ദമ്പതിമാരെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ട് വരും വഴി ശബരിമല തീർത്ഥാടകരുടെ ബസ്സിൽ കാർ ഇടിച്ചുകയറിയായിരുന്നു അപകടം. നവംമ്പർ 30നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. അപകടത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അനു മരിച്ചത് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്. തെലങ്കാന സ്വദേശികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. കാർ എതിർ ദിശയിലെത്തി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയരുന്നു. വിദേശത്തുള്ള ബന്ധുക്കളെത്താൻ വേണ്ടിയായിരുന്നു സംസ്കാരം മാറ്റിവെച്ചത്.