പാലക്കാട്: പ്രശസ്ത നാടക, സിനിമാ നടി മീനാ ഗണേഷ് അന്തരിച്ചു. 82 വയസായിരുന്നു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ, വാൽക്കണ്ണാടി, നന്ദനം, മീശമാധവൻ, പുനരധിവാസം തുടങ്ങി 200 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളിൽ അഭിനയിച്ച് ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കി. അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും.
19–ാം വയസ്സിൽ ആദ്യ നാടകത്തിൽ അഭിനയിച്ചു. ആദ്യ സിനിമ പി.എ.ബക്കറിന്റെ ‘മണിമുഴക്കം’. മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്നു കഴിഞ്ഞ 5 ദിവസമായി ചികിത്സയിലായിരുന്നു. സിനിമാ നാടക നടൻ എ.എൻ.ഗണേശിന്റെ ഭാര്യയാണ്. തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ.പി കേശവന്‍റെ മകളാണ് മീന. സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടർന്ന് നാടകത്തിൽ സജീവമാവുകയും കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു.
1976 ൽ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് സിനിമയിലെത്തിയെങ്കിലും 1991ലെ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന സിനിമയിൽ സജീവമായത്. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.