വെട്രിമാരന്‍ സംവിധാനം ചെയ്ത് ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് വിടുതലൈ. ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ഡിസംബർ 20 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് സെൻസറിങ് പൂർത്തിയായപ്പോൾ ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ആദ്യ ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാളിന്റെ മുന്‍കാല ജീവിതം കൂടി ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും പാട്ടുകളുമെല്ലാം മികച്ച അഭിപ്രായം നേടിയിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂരി, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ആർ എസ് ഇൻഫോടെയ്‍ന്‍മെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം. സംഗീത സംവിധാനം ഇളയരാജയാണ്.
ചിത്രത്തിന്റെ ആദ്യഭാഗം 2023 മാര്‍ച്ചിലാണ് റിലീസ് ചെയ്തത്. 1987 കാലഘട്ടത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ഒരുക്കിയ ഒരു പിരിഡ് ക്രൈം ത്രില്ലറായിരുന്നു വിടുതലൈ 1. സൂരി, വിജയ് സേതുപതി, ഭവാനി ശ്രി, ഗൗതം വാസുദേവ മേനോന്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാമ്പത്തികമായി വിജയം നേടുക മാത്രമല്ല മികച്ച നിരൂപക പ്രശംസയും ഏറ്റുവാങ്ങി. കോണ്‍സ്റ്റബിള്‍ കുമരേശനായെത്തിയ സൂരിയുടെ പ്രകടനം മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു. മാവോയിസ്റ്റ് നേതാവായാണ് വിജയ് സേതുപതി അഭിനയിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടവും ശക്തമായ രാഷ്ട്രീയവുമാണ് വിടുതലൈ പറഞ്ഞു വെക്കുന്നത്. ബി ജയമോഹന്റെ ‘തുണൈവന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ആദ്യഭാഗം ഒരുക്കിയത്.
വിടുതലൈ 2വിന്റെ വിതരണാവകാശം കേരളത്തില്‍ സ്വന്തമാക്കിയിരിക്കുന്നത് വൈഗ മെറിലാന്‍ഡ് റിലീസ് ആണ്. 82 ഓളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ഗംഭീര തിരിച്ചുവരവാണ് ഈ ചിത്രം. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.