Kerala

”എന്തിനാ എല്ലാരും കാറിൽ പോകുന്നത്, നടന്നു പോയാ പോരേ?”; റോഡിൽ സ്‌റ്റേജ് കെട്ടി പൊതുയോ​ഗം നടത്തിയതിനെ ന്യായീകരിക്കാൻ വിചിത്രവാദവുമായി എ.വിജയരാഘവൻ | A VIJAYARAGHAVAN

തൃശൂർ കേച്ചേരിയിൽ കുന്നംകുളം ഏരിയാ സമ്മേളനത്തിലായിരുന്നു വിചിത്രവാദം

കുന്നംകുളം: വഞ്ചിയൂരിൽ സിപിഎം ഏരിയാ സമ്മേളനത്തിന് റോഡിൽ സ്‌റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച് പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. എല്ലാവരും കാറിൽ കയറി പോകേണ്ട കാര്യമുണ്ടോയെന്നും നടന്നു പോയാൽ പോരേയെന്നുമാണ് എ.വിജയരാഘവൻ ന്യായീകരിച്ചത്. തൃശൂർ കേച്ചേരിയിൽ കുന്നംകുളം ഏരിയാ സമ്മേളനത്തിലായിരുന്നു വിചിത്രവാദം.

‘‘എന്തൊരു ട്രാഫിക് ജാം എന്നായിരുന്നു പറഞ്ഞിരുന്നത്. അല്ലെങ്കിൽ ട്രാഫിക് ജാം ഇല്ലേ? ഇവരെല്ലാവരും കൂടി കാറിൽ കയറിപോകേണ്ട കാര്യമുണ്ടോ? റോഡ് സൈഡിൽ സിപിഎം പൊതുയോഗം വച്ചു എന്നാണ് പറയുന്നത്. കേസ് കൊടുക്കാൻ സുപ്രീംകോടതിയിലേക്ക് പോയിരിക്കുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് കേസ് കൊടുക്കുന്നത്. പത്ത് മനുഷ്യനു പോകാൻ കുറച്ച് സ്ഥലം മതി, പക്ഷേ പത്ത് കാർ പോകാൻ എത്ര സ്ഥലം വേണം?. പണ്ടൊക്കെ നമ്മൾ നടന്നായിരുന്നില്ലേ പോയിരുന്നത്. ഇത്ര വലിയ കാർ വേണോ, ചെറിയ കാറിൽ പോയാൽ പോരെ? ഏറ്റവും വലിയ കാർ പോകുമ്പോൾ അത്രയും സ്ഥലം പോയില്ലേ. 25 കാർ പോകുമ്പോൾ 25 ആളെ പോകുന്നുള്ളൂ എന്നതാണ് സത്യം.’’ – എ.വിജയരാഘവൻ പറഞ്ഞു.

‘‘കാർ എടുത്ത് അമ്മായിഅമ്മയെ കാണാൻ പോകുകയാണ് ചിലർ. സല്ലപിച്ച് വർത്തമാനം പറഞ്ഞാണ് പോകുന്നത്. അത്യാവശ്യത്തിനുള്ള കാർ യാത്രയൊക്കെ കുറവായിരിക്കും. കാർ ഉള്ളവൻ കാറിൽ പോകുന്നതു പോലെ തന്നെ, പാവങ്ങൾക്ക് ഒരു ജാഥ നടത്താനുള്ള അവകാശം അനുവദിച്ച് നൽകണമെന്ന് അഭ്യർഥിക്കുകയാണ്. ചിലർ ഇറങ്ങിയിരിക്കുകയാണ്. എന്തിനാണ് ജാഥ നടത്തുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. സിപിഎം പ്രവർത്തിക്കുന്നത് സോഷ്യലിസം സ്ഥാപിക്കുന്നതിനാണ്. ഉള്ളവനും ഇല്ലാത്തവനും ഇല്ലാത്ത ലോകം സൃഷ്ടിക്കാൻ, സാമൂഹ്യ മാറ്റത്തിന്റെ പതാകയും ഏന്തിയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജാഥ പോകുന്നത്.

ഇന്നല്ലെങ്കിൽ നാളെ ഈ ലോകത്തെ മോചിപ്പിക്കുമെന്ന വിശ്വാസത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം. സമൂഹത്തിന്റെ പൊതുബോധത്തെ പുരോഗമനപരമായി പരിവർത്തനം ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ കലരുന്നതു കൂടിയാണ് കമ്യൂണിസ്റ്റ് സമ്മേളനങ്ങൾ

മരിച്ചുപോയാലുള്ള കാര്യം മാത്രമേ ചിലർ പറയൂ. അവർ ഇരുന്ന് ചർച്ച ചെയ്യുന്നത് നരകമെങ്ങനെ എന്നാണ്. ഇന്ന് ആളുകൾക്ക് ആയുർദൈർഘ്യം കൂടി. 20 കൊല്ലം കഴിഞ്ഞാൽ ശരാശരി ആയുസ് 100 ആവും. പിന്നെ ഒരു 25 വയസ്സ് കഴിഞ്ഞാൽ അത് 150 ആവും. അങ്ങനെ പോയാൽ പിന്നെ നരകത്തെ പേടിക്കേണ്ടിവരില്ല. ശാസ്ത്രപുരോഗതിയാണ് ഇതിനെല്ലാം കാരണമെന്നു.’’  വിജയരാഘവൻ പറഞ്ഞു.

STORY HIGHLIGHT: vijayaraghavan defended the stage on the road