മലയാളികൾക്ക് ഏറെ ആത്മബന്ധം ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് കന്യാകുമാരി. വിനോദയാത്രകൾ പോകാൻ ഒരുങ്ങുമ്പോൾ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ഇടം പിടിക്കുന്ന ഒരിടം. തിരുവനന്തപുരത്തുകാരെ സംബന്ധിച്ചിടത്തോളം കന്യാകുമാരിയിലേക്ക് പോകാൻ വളരെ എളുപ്പമാണ്. ഒരിക്കലും മടുക്കാതെ അവർ വീണ്ടും വീണ്ടും കന്യാകുമാരിയുടെ കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്നു. തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികൾ കന്യാകുമാരി കൂടി കണ്ടേ മടങ്ങാറുള്ളൂ.
തിരുവനന്തപുരം ജില്ലയിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാൻ പറ്റിയ ഒരു ഇടമാണ് കന്യാകുമാരി. അതി മനോഹര സ്ഥലം എന്നുതന്നെ കന്യാകുമാരിയെ വിശേഷിപ്പിക്കാം. അതിൽ എടുത്ത് പറയേണ്ടത് കന്യാകുമാരിയിലെ സൂര്യോദയം ആണ്. ഈ കാഴ്ച ഒരിക്കല്ലെങ്കിലും കണ്ടില്ലെങ്കിൽ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടമാണെന്ന് തോന്നിപ്പോകും. അത്ര വിസ്മയമാണ് കന്യാകുമാരിയിലെ സൂര്യോദയം.
മൂന്ന് സമുദ്രങ്ങൾ ചേരുന്നിടത്ത് നിന്ന് സൂര്യൻ ഉദിച്ചുയരുന്ന. സൂര്യ രശ്മിയുടെ ചുവന്ന കിരണങ്ങൾ സമുദ്രത്തിലും പിന്നീട് തീരത്തും തീർക്കുന്ന അതിമനോഹരമായ ദൃശ്യവിരുന്ന്. ഒരേ മനസ്സോടെ ഈ കാഴ്ച കാണാൻ എത്തുന്ന പേരറിയാത്ത, നാട് അറിയാത്ത ഒരുപാട് സഞ്ചാരികൾ. അവരിൽ ഒരാളായി നിൽക്കുമ്പോൾ നമ്മളും കന്യാകുമാരിയിലെ സൂര്യോദയം അനുഭവിക്കുകയാണ്. ഇവിടെ അസ്തമയത്തേക്കാൾ ഉദയമാണ് കൂടുതൽ ഭംഗി എന്ന് പറയേണ്ടിവരും. വിവേകാനന്ദപ്പാറയും തിരുവള്ളുവരുടെ പ്രതിമയും കന്യാകുമാരിയമ്മൻ ക്ഷേത്രവും ഒക്കെ യാത്രയിൽ സന്ദർശിക്കാം.
തുണിത്തരങ്ങളും ശംഖു കൊണ്ടും കക്ക കൊണ്ടും ഒക്കെ തീർത്ത കരകൗശല വസ്തുക്കളും ഒക്കെ വാങ്ങാനും ഇവിടെ ധാരാളം ഇടങ്ങളുണ്ട്. ഭക്ഷണ പ്രേമികളെയും കന്യാകുമാരി നിരാശരാക്കില്ല. ഇന്ത്യൻ, ദക്ഷിണേന്ത്യൻ, തമിഴ്നാട് പരമ്പരാഗത വിഭവങ്ങൾ എന്നിവയുടെ രുചി പരിചയപ്പെടാം. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നു കൂടിയാണ് കന്യാകുമാരി.
പണ്ട് കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ഇന്ന് തമിഴ്നാടിന് സ്വന്തമാണ്. കന്യാകുമാരിയിലേക്കുള്ള യാത്ര സമ്മാനിക്കുന്നത് റോഡ് മാർഗ്ഗം ആണെങ്കിലും ട്രെയിൻ മാർഗ്ഗം ആണെങ്കിലും അതിമനോഹരമായ ദൃശ്യ ഭംഗി തന്നെയാണ്. തമിഴ്നാട് ഗ്രാമങ്ങളും ജീവിതശൈലിയും ഒക്കെ യാത്രയിൽ മിന്നിമറയും.