ഫ്ലോറിഡ: വീണ്ടും പ്രസിഡണ്ടായി അധികാരത്തിലേറാൻ തയ്യാറെടുക്കുകയാണ് ഡൊണാൾഡ് ട്രംപ്. തന്റെ പുതിയ പ്രസിഡന്റ് പദവിക്ക് പിന്നാലെ നടപ്പാക്കാൻ ഒരുങ്ങുന്ന നയ തീരുമാനങ്ങളുടെ പ്രഖ്യാപനങ്ങളിലൂടെയാണ് ഇപ്പോഴദ്ദേഹം വാർത്തകളിൽ നിറയുന്നത്. എന്നാൽ നിലവിൽ ട്രംപ് ചർച്ചയാകുന്നത് മറ്റൊരു വിഷയത്തിലാണ്. നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ മേക്കോവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സൈഡിലേക്ക് ഒതുക്കിനിർത്തിയിട്ടുള്ള പഴയ ഹെയർസ്റ്റൈൽ മാറ്റിയ ട്രംപ്, ഇപ്പോൾ തലമുടി നേരെ പിന്നിലേക്ക് വെച്ചുകൊണ്ടുള്ള ഹെയർസ്റ്റൈലിലാണ് പ്രത്യക്ഷപ്പെടുന്നത്.
ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ, ട്രംപ് ഇന്റർനാഷണൽ ഗോൾഡ് ക്ലബ് എന്ന തന്റെ പ്രോപ്പർട്ടിയിൽവെച്ചാണ് ട്രംപ് പുതിയ ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. വെള്ള ഷർട്ടും ഇൻസൈഡ് ചെയ്ത പാന്റ്സുമായി വരുന്ന ട്രംപ് തന്നെ കാണാൻ വേണ്ടി കാത്തുനിൽന്നവരെ അഭിസംബോധന ചെയ്ത ശേഷമാണ് മടങ്ങുന്നത്. ഈ ദൃശ്യങ്ങൾ വൈറലായതോടെയാണ് ട്രംപിന്റെ പുതിയ ഹെയർസ്റ്റൈലിനെച്ചൊല്ലിയുമുള്ള ചർച്ചകളും വ്യാപകമായത്. മുടി സൈഡിലേക്ക് ഒതുക്കിയുള്ള പഴയ ട്രംപിനെ കണ്ടുപരിചയിച്ച ഒരാൾക്ക് പെട്ടെന്ന് ഈ പുതിയ ഹെയർസ്റ്റൈൽ ഇഷ്ടപ്പെടണമെന്നില്ല. പഴയ സ്റ്റൈലിൽ മുടി കുറച്ച് ചെമ്പിച്ച രീതിയിലും നമുക്ക് ട്രംപിനെ കാണാൻ സാധിക്കും. എന്നാൽ പുതിയ സ്റ്റൈലിൽ മുഴുവനായും വെള്ള മുടിയുള്ള ട്രംപിനെയാണ് കാണാനാകുക.
അതേസമയം, അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കിയാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കും അതേ പോലെ തന്നെ ഉയർന്ന തീരുവ ഈടാക്കുമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ന് രംഗത്തെത്തി. മാർ-എ-ലാഗോ റിസോർട്ടിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയായിരുന്നു ട്രംപിൻ്റെ പ്രതികരണം.
‘ഇന്ത്യ വലിയ തീരുവ നിരക്ക് ഈടാക്കുന്നു. ബ്രസീലും ഉയർന്ന നിരക്ക് ഈടാക്കുന്നു. അവർക്ക് അങ്ങനെ നിരക്ക് ഈടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അങ്ങനെയാകട്ടെ, പക്ഷേ ഞങ്ങളും അവരോട് അതേ നിരക്ക് ഈടാക്കു’മെന്നാണ് ട്രംപ് വ്യക്തമാക്കിയത്. വ്യാപാരത്തിലെ ന്യായമാണ് തൻ്റെ സാമ്പത്തിക അജണ്ടയിൽ പ്രധാനമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് പുറമെ ബ്രസീൽ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങൾ അമേരിക്കൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തുന്ന നികുതികളെയും ട്രംപ് വിമർശിച്ചു.
STORY HIGHLIGHT: donald trump new hair style trending