Chicken Recipes

കുറച്ച് ചിക്കനും മൈദയും പച്ചക്കറികളും ഉണ്ടെങ്കിൽ ചൂട് ചിക്കൻ സമോസ റെഡി

വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ സ്നാക്ക്സ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ചിക്കൻ സമോസ. കുറച്ച് ചിക്കനും മൈദയും പച്ചക്കറികളും ഉണ്ടെങ്കിൽ സമോസ റെഡി.

ആവശ്യമായ ചേരുവകൾ

  • ചിക്കൻ- 250 ഗ്രാം
  • കശ്മീരി ചില്ലി പൗഡർ- 1 ടേബിൾ സ്പൂൺ
  • കുരുമുളകു പൊടി- 1 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
  • സവാള- 3 എണ്ണം
  • പച്ചമുളക്- 5 എണ്ണം
  • ഓയിൽ
  • ഗരം മസാല- അര ടീസ്പൂൺ
  • മൈദ- ഒന്നര കപ്പ്
  • മല്ലിയില
  • ഡാൽഡ
  • അരിപ്പൊടി

തയ്യാറാക്കുന്ന വിധം

ചിക്കനിൽ, അര ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ കുരുമുളകുപൊടിയും കുറച്ച് മഞ്ഞൾപ്പൊടിയും ഉപ്പും അൽപം വെളളവും ചേർത്ത് നന്നായി വേവിക്കുക. തണുത്ത ശേഷം ചിക്കൻ കഷ്ണങ്ങൾ മിക്സി ജാറിലിട്ട് അടിച്ചെടുക്കുക. സവാള, പച്ചമുളക് എന്നിവ എണ്ണയിൽ വഴറ്റുക. ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി ചേർക്കുക. അതിനുശേഷം ചിക്കൻ പൊടിച്ചത് ചേർക്കുക. ഇതിലേക്ക് കുറച്ചു മുളകുപൊടിയും കുരുമുളകുപൊടിയും ഉപ്പും ഗരം മസാല പൊടിയും ചേർക്കുക. ഇതിലേക്ക് കുറച്ച് മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യുക.

ഒന്നര കപ്പ് മൈദയിലേക്ക് ഉപ്പും ഉരുക്കിയ ഡാൽഡയും ചേർക്കുക. വെളളം ചേർത്ത് നന്നായി കുഴക്കുക. ചെറിയ ഉരുളകളാക്കി മാറ്റുക. അരിപ്പൊടി പുരട്ടി പരത്തിയെടുക്കുക. പാനിൽവച്ച് ചൂടാക്കിയെടുക്കുക. ഇതിലേക്ക് മസാല ചേർത്ത് മടക്കിയെടുത്ത് ചൂടായ എണ്ണയിലിടുക. വേവുമ്പോൾ കോരി മാറ്റുക. രുചികരമായ ചിക്കൻ സമോസ തയ്യാർ.