Kerala

തൂണിലും തുരുമ്പിലും ‘ഓട്ടോറിക്ഷയിലും’ ദൈവം; ‘സഞ്ചരിക്കുന്ന ക്ഷേത്രമാക്കി’ മുചക്ര വാഹനത്തിന്റെ മോഡിഫിക്കേഷൻ; പിടിച്ചെടുത്ത് എംവിഡി | modified autorickshaw

ഓട്ടോറിക്ഷയ്ക്ക് പുറത്ത് ക്ഷേത്ര കോവിലിന്റെ രൂപം കെട്ടിവെച്ചായിരുന്നു ഇവരുടെ സഞ്ചാരം

പത്തനംതിട്ട: കാറിലും ബൈക്കിലും മറ്റുമായി മോഡിഫിക്കേഷൻ നടത്തുന്ന ചുള്ളൻ ചെക്കന്മാരുടെ വീഡിയോകൾ പലപ്പോഴും പുറത്തു വരാറുണ്ട്. അത്തരത്തിൽ മോഡിഫിക്കേഷൻ നടത്തുന്ന വണ്ടികൾ എം വി ഡി പിടിച്ചെടുക്കുന്നതും കാണാം. ഇപ്പോൾ ഇതാ മോട്ടോർ വാഹന നിയമം കാറ്റിൽ പറത്തി രൂപമാറ്റം വരുത്തി നിരത്തിലിറക്കിയ ഓട്ടോറിക്ഷ ആണ് ഇത്തവണ പിടിച്ചെടുത്തിരിക്കുന്നത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഓട്ടോറിക്ഷ ആണ് ഇത്. പത്തനംതിട്ട ഇലവുങ്കലിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് സെഫ് സോൺ ഉദ്യോഗസ്ഥരാണ് ഈ ഓട്ടോറിക്ഷയ്ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഓട്ടോറിക്ഷയ്ക്ക് പുറത്ത് ഒരു ക്ഷേത്ര കോവിലിന്റെ രൂപം കെട്ടിവെച്ചായിരുന്നു ഇവരുടെ സഞ്ചാരം. ഓട്ടോറിക്ഷയ്ക്ക് ചുറ്റും പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിലായിരുന്നു ക്ഷേത്രത്തിന്റെ മാതൃക കെട്ടി ഉണ്ടാക്കിയിരിക്കുന്നത്.

പൂക്കള്‍ കൊണ്ട് അലങ്കരിച്ചും ഓട്ടോയുടെ ഭാഗങ്ങള്‍ കാണാത്ത രീതിയിൽ വലിയ രീതിയുള്ള രൂപമാറ്റമാണ് വരുത്തിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശബരിമല ക്ഷേത്രത്തിന്‍റെ മാതൃകയാണ് ഓട്ടോയിലൊരുക്കിയത്. ക്ഷേത്ര കൊടിമരത്തിന്‍റെയും പതിനെട്ടാം പടിയുടെയും മാതൃക അടക്കം ഓട്ടോയ്ക്ക് പുറത്ത് ഉണ്ടാക്കിയിട്ടുണ്ട്.

ഓട്ടോയിൽ സ‍ഞ്ചരിച്ചവരിൽ നിന്ന് 5000 രൂപ പിഴ ചുമത്തി. അപകടം ഉണ്ടാക്കും വിധം രൂപ മാറ്റം വരുത്തിയത്. ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാൻ കോടതിയുടെ നിര്‍ദേശം ഉണ്ടായിരുന്നു. കൊല്ലം സ്വദേശികളായ ശബരിമല തീര്‍ത്ഥാടകരാണ് ഓട്ടോറിക്ഷക്കുള്ളിൽ ഉണ്ടായിരുന്നത്. മുചക്ര വാഹനമായ ഓട്ടോ നാലു ചക്ര വാഹനമായ രീതിയിലായിരുന്നു രൂപമാറ്റം.

STORY HIGHLIGHT: mvd seized modified autorickshaw