Kerala

9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കി; പ്രതിയുടെ മുൻ‌കൂർജാമ്യപേക്ഷ തള്ളി കോടതി | anticipatory bail

ഇടിയുടെ ആഘാതത്തിൽ മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വച്ചു മരിച്ചു

കോഴിക്കോട്: 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതിയ്ക്ക് മുൻ‌കൂർ ജാമ്യം ഇല്ല. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻ‌കൂർജാമ്യപേക്ഷ തള്ളിയത്. അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ഷജീലിന്റെ ജാമ്യത്തെ എതിർത്തു കൊണ്ടു പൊലീസ് കോടതിയിൽ ഉന്നയിച്ചത്.

വടകര ചോറോട് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശിയായ ദൃഷാനയെയും മുത്തശിയെയും തലശേരി ഭാഗത്തേക്ക് അമിത വേഗത്തില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വച്ചു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദൃഷാന ഇന്നും അബോധാവസ്ഥയിൽ തുടരുകയാണ്.

അപകടം നടന്ന് പത്ത് മാസത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞു. നഷ്ട പരിഹാരത്തിനായി പ്രതി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചതാണ് പ്രതിയെ പിടിക്കാൻ അന്വേഷണത്തിൽ നിർണായകമായത്. ഇതിനിടെയാണ് വിദേശത്തുള്ള പ്രതി മുൻ‌കൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

STORY HIGHLIGHT: no anticipatory bail for shajeel