മുംബൈ: 13 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ബോട്ട് അപകടത്തിൽപ്പെട്ടവരിൽ മലയാളി ദമ്പതികളുെ സുരക്ഷിതർ. പത്തനംതിട്ട സ്വദേശികളായ ജോർജ് മാത്യുവും നിഷ ജോർജ് മാത്യുവും ആറുവസയുകാരൻ ഏബൽ മാത്യുവും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കേരളത്തിൽനിന്ന് വിനോദസഞ്ചാരത്തിനായി മുംബൈയിൽ എത്തിയ മലയാളി കുടുംബവും അപകടത്തിൽപ്പെട്ടിരുന്നു. ഇവർ സുരക്ഷിതരാണ്.
ബോട്ട് അപകടത്തിൻ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന ആറുവയസ്സുകാരൻ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് മലയാളി കുടുംബം അപകടത്തിൽപ്പെട്ടെന്ന വാർത്ത പുറത്തുവന്നത്. മാതാപിതാക്കൾ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് നിലവിൽ കുട്ടി ചികിത്സയിലുള്ളത്. മറ്റേതെങ്കിലും ആശുപത്രികളിൽ കുട്ടിയുടെ രക്ഷിതാക്കളുണ്ടോ എന്ന് പരിശോധന ആരംഭിച്ചു. ഇതിനിടെ വാർത്ത അറിഞ്ഞ അമ്മാവൻ ആശുപത്രിയിലെത്തി. തുടർന്ന് മാതാപിതാക്കൾക്കരികിലേക്ക് കുട്ടിയെ കൊണ്ടുപോയി.
അപകടത്തിൽ പരിക്കേറ്റ 101 പേർ ആറ് ആശുപത്രികളിലായാണ് ചികിത്സതേടുന്നത്. ഇവിടെ എവിടെയേലും മലയാളി ദമ്പതിമാർ ചികിത്സയിലുണ്ടോ എന്ന് പോലീസ് പരിശോധന ആരംഭിച്ചിരുന്നു. ദമ്പതികളെ കണ്ടെത്താൻ പോലീസിനൊപ്പം മുംബൈയിലെ മലയാളി കൂട്ടായ്മകളും രംഗത്തെത്തിയിരുന്നു. ആശുപത്രിയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
മുംബൈ ബോട്ട് അപകടത്തിൽ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ചികിൽസയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 3 നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടും. 101 പേരെയാണ് രക്ഷപ്പെടുത്തിത്. ഇനിയും ആളുകളെ കണ്ടെത്താനുണ്ടെന്നാണ് സംശയിക്കുന്നത്. ബോട്ടിലുണ്ടായിരുന്നവരുടെ എണ്ണത്തിൽ കൃത്യതയില്ലാത്തതിനാൽ എത്രപേരെ ഇനിയും കണ്ടെത്താനുണ്ട് എന്ന് വ്യക്തമല്ല.
ഇന്നലെ വൈകീട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്ത് വെച്ചാണ് ബോട്ടപകടം ഉണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ എലിഫന്‍റ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് തലകീഴായി മറിഞ്ഞു. ബോട്ട് പൂര്‍ണമായും മുങ്ങി.
അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്പീഡ് ബോട്ട് കടലിൽ സിഗ്സാഗ് ചെയ്യുന്നതിനിടെ പെട്ടെന്ന് യൂടേൺ ചെയ്ത് യാത്ര ബോട്ടിന് നേരെ എത്തുകയും ശക്തമായി കൂട്ടിയിടിക്കുന്നതുമാണ് ദൃശ്യത്തിൽ ഉള്ളത്. സ്പീഡ് ബോട്ട് നിയന്ത്രണംവിട്ടാണ് യാത്ര ബോട്ടിലേക്ക് ഇടിച്ചുകയറിയതെന്ന് നാവികസേന അറിയിച്ചു. വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
STORY HIGHLIGHT: mumbai boat accident malayalis safe