കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ 250 സ്റ്റാളുകളിലായി 150ലധികം ദേശീയ അന്തര്‍ദേശീയ പ്രസാധകര് പങ്കെടുക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനുവരി ഏഴിന് രാവിലെ 10.30ന് ശങ്കരനാരായണന് തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. കര്‍ണാടക സ്പീക്കര്‍ യു. ടി ഖാദര്‍, പ്രശസ്ത സാഹിത്യകാരന് ദേവദത്ത് പട്നായിക്ക് എന്നിവര്‍ മുഖ്യാതിഥികളാവും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്, ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനയ്ക്ക് നിയമസഭ നല്കുന്ന നിയമസഭാ അവാര്‍ഡ് ഇത്തവണ എം. മുകുന്ദന് നല്കാന് തീരുമാനിച്ചതായി സ്പീക്കര്‍ പറഞ്ഞു. പുസ്തകോത്സത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡ് എം. മുകുന്ദന് സമ്മാനിക്കും. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. 13ന് നടക്കുന്ന സമാപന ചടങ്ങ് നടന് പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നടന് ഇന്ദ്രന്‍സിനെ ചടങ്ങില്‍ ആദരിക്കും.
കെ.എല്‍.ഐ.ബി.എഫ് മൂന്നാം പതിപ്പില്‍ വിവിധ വിഭാഗങ്ങളില്‍ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. പാനല്‍ ചര്‍ച്ചകള്‍, ഡയലോഗ്, ടാക്ക്, മീറ്റ് ദ ഓതര്‍, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകപാത്രനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 70ലധികം പരിപാടികള്‍ നടക്കും. 350 പുസ്തക പ്രകാശനവും 60 ലധികം പുസ്തക ചര്‍ച്ചകളും നടക്കും. ദിവസവും വൈകിട്ട് 7 മുതല്‍ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോ നടക്കും.
കുട്ടികള്‍ക്കായി സ്റ്റുഡന്റ്സ് കോര്‍ണര്‍ ഒരുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ രചിച്ച പുസ്തകങ്ങള്‍ അവിടെ പ്രകാശനം ചെയ്യാം. ചെറിയ സ്റ്റേജ് പ്രോഗ്രാമുകളും വിദ്യാര്‍ത്ഥികള്‍ക്ക് അവതരിപ്പിക്കാം. ഇതിനുള്ള രജിസ്ട്രേഷന് പുരോഗമിക്കുകയാണ്. ഇത്തവണ ഒരു ലക്ഷം വിദ്യാര്‍ത്ഥികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഭാ ഹാള്‍, മ്യൂസിയങ്ങള്‍, മൃഗശാല എന്നിവ സന്ദര്‍ശിക്കാനുള്ള പാക്കേജും ഒരുക്കും. കെ. എസ്. ആര്. ടി. സിയുടെ ഡബിള്‍ ഡെക്കര്‍ ബസില്‍ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്. പുസ്തകോത്സവ സ്റ്റാളുകളില്‍ നിന്ന് വാങ്ങുന്ന 100 രൂപയില്‍ കുറയാത്ത പര്‍ച്ചേസിന് സമ്മാന കൂപ്പണ്‍ നല്‍കും. എല്ലാ ദിവസവും നറുക്കിട്ട് 20 വിജയികള്‍ക്ക് 500 രൂപയുടെ പുസ്തക കൂപ്പണ്‍ നല്‍കും. രുചിവൈവിദ്ധ്യങ്ങള്‍ സമ്മാനിക്കുന്ന ഫുഡ്കോര്‍ട്ടും ദീപാലംകൃതമായ നിയമസഭയും സെല്‍ഫി പോയന്റുമടക്കം ജനങ്ങളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങളുമായി പുസ്തകോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടങ്ങളില്‍ എത്തിനില്‍ക്കുന്നു. ഇതിനകം തന്നെ, പുസ്തകോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ കോളേജുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിനികളെ പങ്കെടുപ്പിച്ചു കൊണ്ട് ഡിസംബര്‍ 10-ന് പഴയ നിയമസഭാഹാളില്‍ വച്ച് ഒരു വനിതാ മോഡല്‍ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. കൂടാതെ എല്ലാ ജില്ലകളിലും ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഫൈനല്‍ റൗണ്ട് ക്വിസ് മത്സരം പുസ്തകോത്സവ സമയത്ത് നിയമസഭാ മന്ദിരത്തില്‍ വച്ചായിരിക്കും നടത്തപ്പെടുക. കൂടാതെ പല വിധത്തിലുള്ള ഓണ്‍ലൈന്‍ മത്സരങ്ങളും സംഘടിപ്പിച്ച് വരുന്നു. മാധ്യമങ്ങള്‍ക്ക് അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തവണ കര്‍ശന നിബന്ധനകള്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി ഒരുക്കുക. മറ്റൊരിടത്ത് പ്രകാശനം ചെയ്ത പുസ്തകം ഇത്തവണ കെ.എല്‍.ഐ.ബി.എഫില്‍ പ്രകാശനം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രസംഗ സമയത്തില്‍ ഉള്‍പ്പടെ കഴിഞ്ഞ തവണയുണ്ടായ പിശകുകള്‍ ഇത്തവണ കര്‍ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള മീഡിയാ സെലിന്റെ ഉദ്ഘാടനം സ്പീക്കര്‍ നിര്‍വ്വഹിച്ചു.