Kerala

പാർട്ടിയുടെ മന്ത്രിയെ പാർട്ടിക്ക് തീരുമാനിക്കാൻ കഴിയാത്ത സ്ഥിതി എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ; മന്ത്രിമാറ്റത്തെ ചൊല്ലിയുള്ള തർക്കങ്ങൾ അതൃപ്തിയിലേക്ക് | p c chacko

പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വർക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്

തിരുവനന്തപുരം: മന്ത്രിമാറ്റത്തെ ചൊല്ലിയുള്ള ഉടക്കിന്റെ പേരില്‍ എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ കടുത്ത അതൃപ്തിയിൽ. പാർട്ടിയുടെ മന്ത്രിയെ പാർട്ടിക്ക് തീരുമാനിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വർക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്.

മന്ത്രിമാറ്റത്തിൽ പി.സി ചാക്കോ അനാവശ്യ ചർച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രൻ ആരോപിച്ചിരുന്നു. തുടക്കത്തിൽ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാൽ തോമസ് കെ. തോമസ് ചില ഇടത് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത് തിരിച്ചടിയായി. എൻസിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ശരദ് പവാറിനെ കണ്ട് കാര്യങ്ങള്‍ക്ക് ഒരുതീരുമാനമാക്കാന്‍ ചാക്കോയും തോമസ് കെ തോമസും പരിശ്രമിച്ചെങ്കിലും, ലക്ഷ്യം കണ്ടില്ല. പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം പവാറുമായി കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയെങ്കിലും, ചാക്കോയ്ക്ക് നിരാശയായിരുന്നു ഫലം.

STORY HIGHLIGHT: pc chacko has expressed willingness toresign as ncp president