കണ്ണൂര്‍: കണ്ണൂരിൽ എം പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പിന്‍റെ നിർദേശം. എം പോക്സ് സ്ഥിരീകരിച്ച കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള തലശ്ശേരി സ്വദേശിയുടെ റൂട്ട് മാപ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ദിവസമാണ് യുഎഇയിൽ നിന്നെത്തിയ തലശേരി സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചത്.
യു എ ഇയില്‍ നിന്ന് ഡിസംബര്‍ 13ന് പുലര്‍ച്ചെ 2.30നാണ് കോഴിക്കോട് വിമാനത്താവളത്തില്‍ യുവാവെത്തിയത്. ബന്ധുവിന്റെ കാറില്‍ രാവിലെ വീട്ടിലെത്തി. അന്ന് വൈകിട്ടും പിറ്റേന്ന് രാവിലെയും ചൊക്ലിയിലെ ലാബില്‍ പരിശോധനക്കെത്തി. 16ന് ഉച്ചക്ക് രണ്ടിന് തലശ്ശേരിയിലെ ആശുപത്രിയിലും വൈകിട്ട് ആറിന് പരിയാരം മെഡിക്കല്‍ കോളജിലുമെത്തിയെന്ന് റൂട്ട് മാപില്‍ പറയുന്നു.
നേരത്തേ യു എ ഇയില്‍ നിന്നെത്തിയ വയനാട് സ്വദേശിയായ 26കാരനും കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ എട്ടാം നിലയില്‍ പ്രത്യേകമായി ഒരുക്കിയ വാര്‍ഡിലാണ് ചികിത്സ.ചികിത്സക്കായി ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
STORY HIGHLIGHT: m pox patient route map published