മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാറോസ്. താരത്തിന്റെ ആദ്യ സംവിധാനസംരംഭമായ ബറോസിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തുവിട്ടു. മലയാളത്തിൽ മോഹൻലാൽ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിഡിയൻ നാദസ്വരമാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികൾ. ഇസബെല്ലാ’ എന്നു തുടങ്ങുന്ന ഗാനത്തിനായി മാസിഡോണിയയിലെ ഫെയിംസ് ഓർക്കസ്ട്രയാണ് അണിചേർന്നിരിക്കുന്നത്. ചിത്രം ഡിസംബർ 25ന് തിയറ്ററുകളിലെത്തും.
മികച്ച പ്രതികരണങ്ങളാണ് ഗാനത്തിന് ആസ്വാദകരിൽ നിന്നു ലഭിക്കുന്നത്. ഈ ഗാനം ഹിന്ദിയിൽ ബോളിവുഡ് ഗായകൻ ഷാൻ ആണ് ആലപിച്ചിരിക്കുന്നത്. ലിഡിയന്റെ ചെന്നൈയിലെ വീട്ടിൽ ഒരുക്കിയ കൊച്ചു സ്റ്റുഡിയോയിൽ നിന്ന് പാട്ടുപാടുന്ന മോഹൻലാലിനെയും വിഡിയോയിൽ കാണാം. യുട്യൂബിൽ മാത്രം രണ്ടു മില്യൻ ആളുകളാണ് വിഡിയോ കണ്ടത്. ലിഡിയൻ നാദസ്വരം ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന സിനിമയാണ് ബറോസ്.
വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. മൈ ഡിയർ കുട്ടിച്ചാത്തന്‍റെ സംവിധായകൻ ജിജോ പുന്നൂസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമിക്കുന്ന ചിത്രത്തിൽ പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും വേഷമിടുന്നു.
STORY HIGHLIGHT: mohanlal sings isabella barroz song