രണ്ടാമത് സംസ്ഥാന പ്രിസണ്‍ മീറ്റ് തലസ്ഥാനജില്ലയായ തിരുവനന്തപുരത്ത് വച്ച് 2024 ഡിസംബര്‍ 21, 22, 23 തീയതികളിലായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കളിക്കളം, പാളയം ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയം, പൂജപ്പുര ശ്രീ ചിത്തിര തിരുനാള്‍ സ്‌റ്റേഡിയം, തിരുമല സണ്ണി ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലായി സംഘടിപ്പിക്കപ്പെടുകയാണ്. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച മേഖലാതല മത്സരങ്ങളില്‍ വിളയകളായിട്ടുള്ള ഉദ്യോഗസ്ഥരാണ് സംസ്ഥാന പ്രിസണ്‍ മീറ്റില്‍ മാറ്റുരയ്ക്കുന്നത്.
2024 ഡിസംബര്‍ 20, രാവിലെ 10 ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കളിക്കളം ഗ്രൗണ്ടില്‍ പ്രിസണ്‍ മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു. ജയില്‍ വകുപ്പ് മേധാവി ബല്‍റാംകുമാര്‍ ഉപാദ്ധ്യായ ഐപിഎസ് അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ആശാ ശോഭന മുഖ്യാതിഥിയായും പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി രാവിലെ 9 മണിക്ക് പൂജപ്പുര സിക്കയില്‍ നിന്നും ദീപശിഖ പ്രയാണം ആരംഭിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കളിക്കളം ഗ്രൗണ്ടില്‍ സജ്ജീകരിച്ചിട്ടുള്ള ദീപസ്തംഭത്തിന് തിരി തെളിയിക്കുന്നു. വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകളോടൊപ്പം ഫ്‌ലാഷ് മോബുകള്‍ എന്നിങ്ങനെ വൈവിധ്യങ്ങളായ പരിപാടികളാണ് ജയില്‍ വകുപ്പ് കായികമേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
നഗരത്തിലെ പ്രധാന മൂന്നു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ കേരള കായികരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ മത്സരങ്ങളില്‍ ഉദ്ഘാടകരായി പങ്കെടുക്കുന്നു. 23.12.2024 ന് നടക്കുന്ന സമാപന സമ്മേളനം കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കുന്നു.
താരതമ്യേന ക്ലേശകരമായ സാഹചര്യങ്ങളും മാനസിക സമ്മര്‍ദ്ദവും പ്രദാനം ചെയ്യുന്ന തൊഴില്‍ മേഖലയായ ജയില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പു വരുത്തുന്നതിന് സമാന സേനാവിഭാഗങ്ങളില്‍ നടത്തിവരുന്ന രീതിയില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മേഖലാതലത്തിലും സംസ്ഥാന തലത്തിലും പ്രിസണ്‍ മീറ്റ് സംഘടിപ്പിക്കുന്നതിന് ചരിത്രത്തില്‍ ആദ്യമായി 2023ല്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നു. പ്രഥമ പ്രിസണ്‍ മീറ്റ് കണ്ണൂരില്‍ വെച്ചായിരുന്നു.
CONTENT HIGHL;IGHTS; 2nd state prison meet to kick off tomorrow: Health minister will inaugurate